ഖത്തറിലെ കമ്പനികളിൽ ജീവനക്കാരുടെ ആവശ്യകത കുതിച്ചുയരുന്നു!

രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തി പ്രാപിച്ചതോടെ, ഖത്തറിലെ കമ്പനികളിൽ ജീവനക്കാരുടെ ആവശ്യകത കുതിച്ചുയരുന്നതായി റിപ്പോർട്ട്. രാജ്യത്തെ മാൻപവർ ഏജൻസികൾക്ക് ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല.  വിദേശത്ത് നിന്ന് ആളുകളെ ലഭിക്കുന്നതിന് പകരം പ്രാദേശിക വ്യക്തികളെ നിയമിക്കുന്നതിലാണ് കമ്പനികൾ കൂടുതൽ താൽപര്യം കാണിക്കുന്നതെന്നും സ്രോതസുകൾ വെളിപ്പെടുത്തുന്നു.

 “ആവശ്യകതകളെ കുറിച്ച് ഞങ്ങൾക്ക് ദിവസവും കുറഞ്ഞത് 7-8 ഇമെയിലുകൾ ലഭിക്കുന്നു.  റീട്ടെയിൽ കമ്പനികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ജീവനക്കാരുടെ ആവശ്യം ഉയർന്നതാണ്.  മരപ്പണിക്കാർ, ഇലക്‌ട്രീഷ്യൻമാർ തുടങ്ങിയ ബ്ലൂ കോളർ ജോലികൾക്കായും കരാർ കമ്പനികളിൽ നിന്നും ഡിമാൻഡ് വരുന്നു,” കെകെകെ ആൻഡ് ഇസഡ് ഇന്റർനാഷണലിന്റെ മാനേജിംഗ് ഡയറക്ടർ അബ്ദുല്ല ഉസ്മാൻ സെയ്ത് പറഞ്ഞു.

അലി ബിൻ അലി, ഹുവായ്, വിവോ, മൈക്രോസോഫ്റ്റ്, ആപ്പിൾ, വോഡഫോൺ പാനസോണിക്, ഡെൽ, നിരവധി ഗെയിമിംഗ് ബ്രാൻഡുകൾ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികൾക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് KKK&Z ഇന്റർനാഷണൽ.

സമ്പദ്‌വ്യവസ്ഥ വീണ്ടും സജീവമായതാണ് പൊടുന്നനെ തൊഴിലാളികളുടെ ആവശ്യകത കുതിച്ചുയരാൻ കാരണമായത്. കൂടാതെ, ഖത്തറിൽ നിരവധി ദേശീയ അന്തർദേശീയ പരിപാടികളും നടക്കുന്നുണ്ട്.  ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്സ്, ഹോസ്പിറ്റാലിറ്റി ഖത്തർ, സിറ്റിസ്‌കേപ്പ്, പ്രോജക്ട് ഖത്തർ തുടങ്ങി നിരവധി ഉന്നത പരിപാടികളും കോൺഫറൻസുകളും കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഖത്തർ സംഘടിപ്പിച്ചിട്ടുണ്ട്.  

ഇത്തരത്തിലുള്ള നിരവധി വലിയ പരിപാടികൾ കാരണം തിരക്കേറിയ സീസണാണ് മുന്നോട്ട് പോകുന്നത്.  ഇത്തരം പരിപാടികൾ വരും മാസങ്ങളിൽ ഹ്യൂമൻ റിസോഴ്‌സ് ആവശ്യം വലിയ നിലയിൽ ഉയർത്തും.

ഫിഫ ലോകകപ്പ് ഖത്തർ 2022 ഒരു വർഷം മാത്രം ശേഷിക്കെ, കമ്പനികൾ ഈ മെഗാ ഇവന്റുകൾക്കായി തയ്യാറെടുക്കുകയാണ്.  ലോകകപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഖത്തറിലെ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്ന് കണക്കിലെടുത്താണ് കമ്പനികൾ ജീവനക്കാരെ നിയമിക്കാൻ തുടങ്ങുന്നത്.

പ്രാദേശിക പ്രതിഭകൾക്ക് ഡിമാൻഡ് കൂടുതലാണ്, വിദേശത്ത് നിന്ന് ഒരാളെ കൊണ്ടുവരുന്നതിനെ അപേക്ഷിച്ച് കമ്പനികൾ പ്രാദേശിക മുൻഗണന നൽകുന്നതായും അബ്ദുള്ള പറഞ്ഞു.

അതേസമയം, ക്വാറന്റൈൻ നിയമം ലഘൂകരിച്ചത് പുറത്തുനിന്നുള്ള ആളുകളെ കൊണ്ടുവരുന്നതിനുള്ള ചെലവ് കുറച്ചതായും ഇത് ഖത്തറിലെ മാൻപവർ കമ്പനികൾക്ക് ഗുണം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 “നേരത്തെ റിക്രൂട്ട്മെന്റ് വളരെ ശ്രമകരമായിരുന്നു. ആരെങ്കിലും എന്നോട് 10 കിലോഗ്രാം സ്വർണം കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ, എനിക്ക് അത് എളുപ്പത്തിൽ ചെയ്യാൻ കഴിയുമായിരുന്നു, എന്നാൽ ആരെങ്കിലും രണ്ട് പേരെയെങ്കിലും കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി വളരെ മെച്ചമാണ്, ഇപ്പോൾ ക്വാറന്റൈൻ നിയമങ്ങൾ ലഘൂകരിച്ചതിനാൽ വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരാൻ മാൻപവർ കമ്പനികളെ പ്രാപ്തമാക്കി,”  അബ്ദുള്ള പറഞ്ഞു.

Exit mobile version