ദോഹ: എഹ്‌തെറാസ് പോർട്ടലിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറിന് പുറത്ത് നിന്ന് കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ച പൗരന്മാർക്കും താമസക്കാർക്കും അവരുടെ വാക്‌സിനേഷന്റെ അംഗീകാരത്തിനായി നേരിട്ടുള്ള അപേക്ഷയ്ക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഫീച്ചർ. അപേക്ഷയിലൂടെ, ഇവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് എഹ്‌തെറാസിൽ ഗോൾഡൻ ഫ്രെയിമായി പ്രതിഫലിപ്പിക്കാൻ സാധിക്കും.
പോർട്ടലിൽ അപ്‌ലോഡ് ചെയ്‌ത കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ സാധൂകരിച്ച് പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സാധുതയുള്ളതായി കണക്കാക്കുന്നവ എഹ്‌തെറാസ് അപേക്ഷയിൽ സ്വീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യും.
വിദേശത്തുനിന്നുള്ള വാക്സിനേഷനുകൾക്കും ഖത്തറിനുള്ളിൽ നിന്നുള്ള അതേ വാലിഡിറ്റി മാനദണ്ഡങ്ങൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പൂർണ്ണമായി അംഗീകരിച്ചതും ഉപാധികളോടെ അംഗീകരിച്ചതുമായ (കണ്ടീഷണലി അപ്പ്രൂവ്ഡ്) വാക്സിനുകളുമായി ബന്ധപ്പെട്ടും നിലവിലെ നിയമങ്ങൾ തന്നെ പിന്തുടരും.
ഖത്തറിലേക്കുള്ള സന്ദർശകരുടെ നടപടിക്രമങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പ്രവേശനത്തിനുള്ള പ്രോട്ടോക്കോൾ ഇഹ്‌തെറാസ് പോർട്ടൽ വഴി പാലിക്കണമെന്നും എംഒപിഎച്ച് അറിയിച്ചു.