സ്ഥിരം ഈദ് ഗാഹ് ആയി പ്രഖ്യാപിക്കപ്പെട്ട് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഈദ് അൽ അദ്ഹ നമസ്‌കാരത്തിന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ഖത്തർ ഫൗണ്ടേഷനിൽ (ക്യുഎഫ്) സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ പ്രാർത്ഥനകൾക്കുള്ള സ്ഥിരം സ്ഥലമായി അധികൃതർ പ്രഖ്യാപിച്ചു. ഉയർന്ന സുരക്ഷാ നിലവാരം നിലനിർത്തി കൊണ്ട് സന്ദർശകരെ ഉൾക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുള്ളതായി വിദഗ്ധർ നിരീക്ഷിച്ചു.
ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയത്തിൽ ഈദ് അൽ ഫിത്തർ പ്രാർത്ഥന നടത്താൻ തീരുമാനിച്ചപ്പോൾ 18,000 വിശ്വാസികളെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പങ്കെടുത്തവരുടെ യഥാർത്ഥ എണ്ണം 35,000 കവിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഈദ് അൽ അദ്ഹ പ്രാർത്ഥനയും ഇവിടെ നടത്താൻ തീരുമാനിച്ചത്.
“എഡ്യൂക്കേഷൻ സിറ്റി മസ്ജിദിൽ ഈദ് നമസ്‌കാരം നടത്തുന്നത് പതിവാണ്, എന്നാൽ വർദ്ധിച്ചുവരുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും എണ്ണം കണക്കിലെടുക്കുമ്പോൾ, അവരെ ഉൾക്കൊള്ളാൻ വലിയ സ്ഥലം കണ്ടെത്തേണ്ടി വന്നു,” ഹമദ് ബിൻ ഖലീഫ സർവ്വകലാശാലയുടെ ഭാഗമായ അൽ മിനറെറ്റീൻ സെന്ററിലെ ഓപ്പറേഷൻസ് ആൻഡ് ടെക്‌നിക്കൽ അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് സാദ് പറഞ്ഞു.
ഈദ് അൽ ഫിത്തറിന് ശേഷം, സന്ദർശകർ സ്റ്റേഡിയത്തിലെ അനുഭവത്തിലും ശബ്ദ സംവിധാനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചതായി അദ്ദേഹം വിശദീകരിച്ചു. എൻഡോവ്‌മെന്റ് മന്ത്രാലയത്തിന്റെ (ഔഖാഫ്) ഏകോപനത്തോടെയാണ് സ്റ്റേഡിയത്തിൽ ഈദ് നമസ്‌കാരം നടത്താൻ തീരുമാനിച്ചത്.
പ്രാർത്ഥനയ്ക്ക് ശേഷം, ഫെയിസ് പെയിന്റിങ്ങ്, ഗെയിമുകൾ തുടങ്ങി വിദ്യാഭ്യാസപരവും വിനോദപരവുമായ നിരവധി പരിപാടികൾക്ക് സ്റ്റേഡിയം പരിസരം വേദിയായി. സന്ദർശകർക്ക് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi