BusinessHot NewsQatar

ഖത്തർ സർക്കാരിന്റെ അഭ്യർത്ഥന, ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരന്റെ ആസ്തി ഇഡി മരവിപ്പിച്ചു. 

ദോഹ/ന്യൂഡൽഹി: ഖത്തർ ഗവണ്മെന്റിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഖത്തറിലെ പ്രമുഖ റീട്ടെയിൽ ബിസിനസ് ശൃംഖലയിൽ ജോലി ചെയ്യുന്ന പ്രവാസി ബിസിനസുകാരന്റെ 88 ലക്ഷം രൂപ വരുന്ന ആസ്തി ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ദോഹയിലെ അൽ മീറ കണ്സ്യൂമർ ഗുഡ്സ് കമ്പനിയുടെ ബയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആയ സുബ്രഹ്മണ്യ ശ്രീനിവാസ് പിന്നിന്തിയുടെ അക്കൗണ്ടുകളാണ് ഇഡി വെള്ളിയാഴ്ച മരവിപ്പിച്ചത്. വിശാഖപട്ടണത്തിനടുത്തുള്ള സീതമ്മധരയിലെ ഇയാളുടെ വീട്ടിൽ ജൂണ് 15 ന് റെയ്ഡ് നടത്തിയതായും ഇഡി പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റിൽ അറിയിച്ചു. 2005 മുതൽ ദോഹ ആസ്ഥാനമായി 50-ലധികം ശാഖകളുമായി ഖത്തറിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് അൽ മീറ.

ദോഹ നാഷണൽ ബാങ്കിൽ നിന്നും സംശയാസ്‌പദമായ പണം പിന്നിന്റി ഇന്ത്യയിലെ തന്റെ ആക്സിസ് ബാങ്കിലും എച്ഡിഎഫ്സി ബാങ്കിലുമുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയതായും, ഇതിൽ നിന്ന് തന്റെയും ഭാര്യയുടെയും പേരിൽ 45 ലക്ഷത്തോളം വിവിധ മ്യുച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചതായും പരിശോധനയിൽ കണ്ടെത്തിയതായി ഇഡി പറഞ്ഞു. വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് റെസിഡൻഷ്യൽ പ്ലോട്ടുകളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ മൂന്ന് പ്ലോട്ടുകളുടെയും നിലവിലെ മാർക്കറ്റ് മൂല്യം ഏകദേശം 43 ലക്ഷം രൂപയാണ്.

ഇതിനെത്തുടർന്ന്, പിന്നിന്റിക്കെതിരെ മണി ലോണ്ടറിംഗ് തടയൽ നിയമം (PMLA) പ്രകാരം മരവിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതായും ഖത്തറിലെ അനധികൃത നടപടികളെതുടര്ന്നുള്ള ഇയാളുടെ 88 ലക്ഷം രൂപയുടെ ഇന്ത്യയിലെ നിക്ഷേപം (മ്യൂച്വൽ ഫണ്ടുകളുടെയും ഭൂസ്വത്തുക്കളുടെയും മൊത്തം മൂല്യം) മരവിപ്പിച്ചതായും ഇഡി അറിയിച്ചു.

ന്യൂഡൽഹിയിലെ ഖത്തർ എംബസിയിൽ നിന്ന് ലഭിച്ച എൽആർ അടിസ്ഥാനമാക്കിയാണ് റെയ്ഡുകളും ഉത്തരവും നടപ്പാക്കിയതെന്നും ഇഡി പറഞ്ഞു. ഇയാൾക്കെതിരായ അന്വേഷണം തുടരുകയാണെന്നും സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button