ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകരാൽ ദുബായിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും വിമാനങ്ങളും നിറയുമെന്നു റിപ്പോർട്ട്. തിരക്ക് കണക്കിലെടുത്ത്, പാർക്കുകൾ, ബീച്ചുകൾ, സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫാൻ സോണുകൾ പ്രഖ്യാപിച്ച് ദുബായ് ഒരുങ്ങിക്കഴിഞ്ഞു.
നവംബർ-ഡിസംബർ മാസത്തിൽ നടക്കുന്ന ടൂർണമെന്റിൽ ചെറിയ അയൽരാജ്യമായ ഖത്തറിന് പകരം, ടൂറിസം ഹോട്ട്‌സ്‌പോട്ടായ ദുബായിൽ തുടരാൻ ആരാധകർ തീരുമാനിച്ചേക്കും എന്നാണ് യുഎഇ ട്രേഡ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
സീസണിലേക്ക് കുറഞ്ഞ മുതൽമുടക്ക് മാത്രമാണ് രാജ്യത്തിന് ഉള്ളത് എന്നതിനാൽ യുഎഇക്കും പ്രത്യേകിച്ച് ദുബായ്ക്കും വൻ നേട്ടമാണ് ഇതുണ്ടാക്കുക. ദോഹയിലെ ഉയർന്ന താമസ വാടകയും ആരാധകരെ യുഎഇയിലേക്ക് നയിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഗൾഫിലെ നഗരങ്ങളിൽ നിന്ന് പ്രതിദിനം 160 ഷട്ടിൽ സർവീസുകൾ നടത്തുന്ന ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് ഒരു മണിക്കൂർ മാത്രം അകലെയുള്ള ദോഹയിലേക്ക് ലോകകപ്പ് സീസണിൽ ഒരു ദിവസം കുറഞ്ഞത് 30 റിട്ടേൺ ഫ്ലൈറ്റുകൾ നടത്തും. ഷട്ടിൽ ഫ്‌ളൈറ്റുകളിൽ മാച്ച് ദിവസങ്ങളിൽ നേരിട്ട് പോയി വരുന്ന ദുബായ് നിവാസികളെയും വിമാനക്കമ്പനികൾ പ്രതീക്ഷിക്കുന്നു.
അതേസമയം ഹോട്ടലുകൾ പ്രത്യേക പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം ഡീലുകളിൽ ഷട്ടിൽ ഫ്ലൈറ്റുകളും എയർപോർട്ട്, ഫാൻ സോണുകളിലേക്കുള്ള ഗതാഗതവും ഉൾപ്പെടുന്നു.
ഒരു ദശലക്ഷത്തോളം ലോകകപ്പ് ആരാധകർ ദുബായ് നഗരത്തിലെത്തുമെന്നാണ് ദുബായ് സ്‌പോർട്‌സ് കൗൺസിൽ കണക്കാക്കുന്നത്. ഖത്തറും സമാനമായ എണ്ണം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് ടിക്കറ്റുള്ള ഹയ്യ കാർഡ് ഉടമകൾക്ക് നാമമാത്ര ഫീസിൽ മൾട്ടിപ്പിൾ എൻട്രി വിസയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.