ക്യാമറ മാത്രമല്ല, ട്രാഫിക് ലംഘനം പിടികൂടാൻ ഡ്രോണുമുണ്ട്!
ദോഹ: റോഡിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉപയോഗിക്കുന്നത് ക്യാമറകളും റഡാറുകളും മാത്രമല്ല, ഡ്രോണുകളുമാണ്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും നിരവധി ട്രക്ക് ലംഘനങ്ങൾ നിരീക്ഷിക്കാൻ നിലവിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതായി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
“തിരക്കേറിയ സമയങ്ങളിൽ ട്രക്കുകളുടെ ചലനം, സുരക്ഷിതമായ രീതിയിൽ ലോഡ് ക്രമീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും പരാജയപ്പെടുക, അനധികൃത പ്രദേശങ്ങളിൽ പ്രവേശിക്കുക, നിയുക്ത പാത പിന്തുടരുന്നതിൽ പരാജയപ്പെടുക തുടങ്ങിയ ലംഘനങ്ങൾ ഡ്രോണുകൾ നിരീക്ഷിക്കുന്ന”തായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ട വിഡിയോയിൽ പറഞ്ഞു.
ട്രാഫിക് സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡ്രോണുകളുടെ ഉപയോഗം വരുന്നതെന്ന് വകുപ്പ് ട്വീറ്റ് ചെയ്തു. ട്രാഫിക്ക് പട്രോളിംഗിന്റെ ദൈനംദിന ജോലികൾ വർധിപ്പിക്കുന്നതിനും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ഡ്രോണുകൾ ഉപയോഗിച്ച് വരുന്നു.