International

‘ഒരു നാഗരികത തന്നെ ഇന്ന് രാത്രി അവസാനിക്കും’; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ അതിരൂക്ഷമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പ്. “ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരിച്ചുവരില്ല,” എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.

​ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചും വരാനിരിക്കുന്ന നീക്കങ്ങളെക്കുറിച്ചും ട്രംപ് പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

​”ഇത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും. ഇറാനിൽ സമ്പൂർണ്ണമായ ഒരു ഭരണമാറ്റം വന്നാൽ, കൂടുതൽ ബുദ്ധിയുള്ളവരും തീവ്രവാദ ചിന്താഗതികൾ ഇല്ലാത്തവരുമായ ആളുകൾ അധികാരത്തിൽ വന്നാൽ ഒരുപക്ഷേ വിപ്ലവകരമായ നല്ല കാര്യങ്ങൾ സംഭവിച്ചേക്കാം.”

ലോകചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും ഇന്ന് രാത്രിയെന്നും 47 വർഷത്തെ അഴിമതിയും മരണങ്ങളും അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. പോസ്റ്റിന്റെ അവസാനം “ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ” എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

​ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ ട്രംപ് നടത്തിയ ഈ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്കാണ് വഴി വെച്ചിരിക്കുന്നത്. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രകോപനപരമായ പ്രതികരണം പുറത്തുവരുന്നത്.

Related Articles

Back to top button