ജനുവരി 12 ന് ആരംഭിക്കുന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന്റെ ഭാഗമായി, ദോഹ മെട്രോ തങ്ങളുടെ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങളിൽ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചു.
ടൂർണമെന്റ് ഉദ്ഘാടന ദിവസമായ ജനുവരി 12 വെള്ളിയാഴ്ച ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.
ടൂർണമെന്റിനിടെ, സ്‌പോർട് സിറ്റിയിലെ മെട്രോ എക്‌സ്‌പ്രസ് സർവീസ് അൽ വാബ് ക്യുഎൽഎം, ഷെൽട്ടർ 2-ൽ നിന്ന് പ്രവർത്തിക്കും.
എഎഫ്‌സി ഏഷ്യൻ കപ്പിൽ ചില മേഖലകളിലെ മെട്രോലിങ്ക് സേവനങ്ങളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
M311 മെട്രോലിങ്ക് സർവീസ് സ്‌പോർട് സിറ്റി സ്റ്റേഷന് പകരം അൽ സുഡാൻ ബസ് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തിക്കുക.
M202, M203 മെട്രോലിങ്ക് സേവനങ്ങൾ എജ്യുക്കേഷൻ സിറ്റി സ്റ്റേഷന് പകരം ഖത്തർ നാഷണൽ ലൈബ്രറി സ്റ്റേഷനിലെ ഷെൽട്ടർ 1-ൽ നിന്ന് പ്രവർത്തിക്കും.
അതേസമയം, ആരാധകർക്കായി ആകെ 37 മെട്രോ സ്റ്റേഷനുകൾ പ്രവർത്തിക്കുമെന്നും, അതിൽ തന്നെ, മെട്രോയുമായി ബന്ധിപ്പിച്ച അഞ്ച് ടൂർണമെന്റ് സ്റ്റേഡിയങ്ങൾ, സ്വകാര്യ ട്രാൻസ്പോർട്ട് ബസുകൾ ബന്ധിപ്പിച്ച നാല് സ്റ്റേഡിയങ്ങൾ എന്നിവ ഉൾപ്പെടുന്നതായും എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ 2023 പ്രാദേശിക സംഘാടക സമിതിയുടെ മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ അൽ മൊഫ്ത ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എഎഫ്‌സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒമ്പത് സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള 81,000 പാർക്കിംഗ് സ്ഥലങ്ങൾ, കൂടാതെ ടൂർണമെന്റിൽ 600 പരിസ്ഥിതി സൗഹൃദ ബസുകൾ മാധ്യമങ്ങൾക്കും ആരാധകർക്കും സേവനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD