കോർണിഷ് സ്ട്രീറ്റ് അടച്ചിടുന്നതിനാൽ ദോഹ മെട്രോ സർവീസ് നടത്തും. മെട്രോലിങ്ക് തിരിച്ചുവിടും.
ദോഹ: ഓഗസ്റ്റ് 6 മുതൽ 10 വരെ കോർണീഷ് സ്ട്രീറ്റ് അടച്ചിടുന്നതിനാൽ, യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കാൻ പ്രസ്തുത വെള്ളിയാഴ്ചയും തുടർ ദിവസങ്ങളിലും ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് ഖത്തർ റെയിലിന്റെ ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയാണ് സർവീസ് നടത്തുക. 37 സ്റ്റേഷനുകളും പ്രവർത്തിക്കും.
ഇക്കാലയളവിൽ, മെട്രോലിങ്ക് സർവീസുകൾ കോർണിഷ് സ്ട്രീറ്റിലേക്ക് പോകില്ല, പകരം ഹമദ് ഹോസ്പിറ്റൽ സ്റ്റേഷൻ (ഗ്രീൻ ലൈൻ) വഴി തിരിച്ചുവിടുകയാണ് ചെയ്യുക. റെഡ് ലൈൻ ആവശ്യമായ യാത്രക്കാർ അൽ ബിദ്ദ സ്റ്റേഷൻ തിരഞ്ഞെടുക്കണം.
അതേ സമയം, നെറ്റ്‌വർക്ക് അറ്റകുറ്റപ്പണികൾ തുടരുന്നതിനായി ആഗസ്റ്റ് 13, 20 തിയ്യതികളിൽ ദോഹ മെട്രോ സർവീസ് നിർത്തി വെക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ജൂലൈ 9 മുതൽ ആഗസ്റ്റ് 13 വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും ദോഹ മെട്രോ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടു വരികയായിരുന്നു. എന്നാൽ കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 6 വെള്ളിയാഴ്ച രാത്രി 12 മുതൽ ഓഗസ്റ്റ് 10 ചൊവ്വാഴ്ച്ച പുലർച്ചെ 5 വരെ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡ് അടക്കുമെന്ന് പബ്ലിക് വർക്ക്‌സ് അതോറിറ്റി അഷ്‌ഖൽ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇളവ് സ്വീകരിച്ചിട്ടുള്ളത്.