ലോകത്തിൽ ഏറ്റവുമധികം മൊബൈൽ ഇന്റർനെറ്റ് വേഗതയുള്ള ടൂറിസ്റ്റ് സിറ്റിയായി ദോഹ, ദുബായ് രണ്ടാം സ്ഥാനത്ത്
നമ്മൾ ലോകത്തിന്റെ ഏതു കോണിലേക്ക് യാത്ര ചെയ്യുമ്പോഴും അത്യാവശ്യമുള്ള ഒന്നാണ് മൊബൈൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി. യാത ചെയ്യേണ്ട സ്ഥലങ്ങളും, യാത്രാ മാർഗങ്ങളും, താമസിക്കാനുള്ള സ്ഥലങ്ങളുമെല്ലാം തിരഞ്ഞെടുക്കാൻ അത് അത്യന്താപേക്ഷിതമാണ്.
ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ഇൻ്റർനെറ്റിൻ്റെ ഗുണനിലവാരം വ്യത്യസ്‌തമായ രീതിയിലായിരിക്കും. പുതിയൊരു പഠനത്തിലെ കണ്ടെത്തൽ പ്രകാരം മൊബൈൽ ഇൻ്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരം ദോഹയാണ് . 354.5 Mbps വേഗതയുള്ള ദോഹയിലെ മൊബൈൽ ഇന്റർനെറ്റിന് 1GB വലിപ്പമുള്ള നഗരത്തിന്റെ മാപ്പ് ഡൗൺലോഡ് ചെയ്യാൻ 2.9 സെക്കൻഡ് മാത്രം മതി.
ഏറ്റവും വേഗതയേറിയതും വേഗത കുറഞ്ഞതുമായ മൊബൈൽ ഇൻ്റർനെറ്റുള്ള നഗരങ്ങളെ കണ്ടെത്താൻ പഠനം നടത്തിയ ഹൊലാഫ്ലയിലെ മൊബൈൽ ഡാറ്റാ വിദഗ്‌ദരുടെ കണക്കുകൾ പ്രകാരം ദോഹയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ദുബായ് (351.8Mbps) നിൽക്കുന്നത്. അബുദാബി (325.9 Mbps), റിയാദ് (273.7 Mbps), കോപ്പൻഹേഗൻ (255.9 Mbps) എന്നീ നഗരങ്ങളാണ് അതിനു ശേഷം വരുന്നത്.
ഏറ്റവും വേഗത കുറഞ്ഞ മൊബൈൽ ഇൻ്റർനെറ്റ് ഉള്ള ടൂറിസ്റ്റ് നഗരങ്ങളെയും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ക്യൂബയിലെ ഹവാന (ഡൗൺലോഡ് വേഗത 4.5), ബൊളീവിയയിലെ ലാ പാസ് (9.7), വെനസ്വലൻ നഗരമായ കാരക്കാസ് (16.3) എന്നിവയാണ് മൊബൈൽ ഇന്റർനെറ്റ് വേഗത കുറഞ്ഞ നഗരങ്ങൾ.
പ്രാദേശിക മൊബൈൽ ഇൻ്റർനെറ്റ് ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓരോ ടൂറിസ്റ്റ് നഗരങ്ങളുടെയും 1GB മാപ്പ് ഡൗൺലോഡ് ചെയ്യാൻ എടുക്കുന്ന സമയം കണക്കാക്കിയാണ് ഓരോ സ്ഥലങ്ങളിലെയും മൊബൈൽ ഇന്റർനെറ്റ് വേഗത കണ്ടെത്തിയത്.