അത്ലറ്റുകളെക്കൊണ്ട് ദോഹ നഗരം നിറയും, 15000 പേർ പങ്കെടുക്കുന്ന ദോഹ മാരത്തോൺ ഇന്ന്

ഉരീദു സംഘടിപ്പിക്കുന്ന ദോഹ മാരത്തൺ 2025 ഇന്ന് നടക്കും. ഖത്തറിന് പുറത്ത് നിന്നുള്ള 1,300 പേർ ഉൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള 15,000 പേർ പതിനഞ്ചാം എഡിഷനിൽ പങ്കെടുക്കും.
ഷെറാട്ടൺ പാർക്കിൽ ആരംഭിക്കുന്ന മാരത്തണിൽ കോർണിഷിലൂടെയുള്ള 42 കിലോമീറ്റർ, 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ ഓട്ടമത്സരങ്ങൾ ഉൾപ്പെടുന്നു. കായികക്ഷമതയും കായികരംഗത്തിൻ്റെ പ്രാധാന്യവും പ്രോത്സാഹിപ്പിക്കാനാണ് പരിപാടി. വ്യത്യസ്‌ത ഫിറ്റ്‌നസ് ലെവലുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന റേസുകളിൽ എല്ലാവർക്കും പങ്കെടുക്കാം. ഈ വർഷം 21 കിലോമീറ്റർ ഓട്ടത്തിൽ ഭിന്നശേഷിക്കാരായ കായികതാരങ്ങളും പങ്കെടുക്കും.
പങ്കാളിത്തം, സുരക്ഷ, ഓട്ടമത്സരത്തിന്റെ ദൂരങ്ങൾ, സമയ കൃത്യത എന്നിവയിൽ ഉയർന്ന നിലവാരം പുലർത്തുന്ന മാരത്തണിന് തുടർച്ചയായി രണ്ട് വർഷമായി ലോക അത്‌ലറ്റിക്‌സിൽ നിന്ന് ഗോൾഡ് ലേബൽ ലഭിച്ചിട്ടുണ്ട്. മാരത്തണിൻ്റെ മേൽനോട്ടം വഹിക്കുന്ന ഖത്തർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ, എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
ഖത്തറിൻ്റെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ മുതാസ് ബർഷിം മത്സരത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോക ചാമ്പ്യന്മാരും ദീർഘദൂര ഓട്ടമത്സരങ്ങളിലെ റെക്കോർഡ് ഉടമകളും ഉൾപ്പെടെയുള്ള മുൻനിര അത്‌ലറ്റുകളുടെ പങ്കാളിത്തമുള്ള ഈ വർഷത്തെ മാരത്തൺ മികച്ച ഒന്നായിരിക്കുമെന്ന് ഫെഡറേഷൻ പ്രസിഡൻ്റ് മുഹമ്മദ് ഈസ അൽ ഫദാല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx