ഉക്രെയ്നിൽ കുടുങ്ങിയ ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റിയതായി അംബാസിഡർ
ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ദോഹ ആസ്ഥാനമായുള്ള ഇന്ത്യൻ വിദ്യാർത്ഥികളിൽ മിക്കവാറും എല്ലാ വിദ്യാർത്ഥികളും സംഘർഷമേഖലയിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയതായി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ.ദീപക് മിത്തൽ അറിയിച്ചു.
“മാതാപിതാക്കൾ ഖത്തറിൽ താമസിക്കുന്ന 20 ഓളം വിദ്യാർത്ഥികൾ ഉക്രെയ്നിൽ കുടുങ്ങി. ഇവരെല്ലാം ഖാർകിവ് പ്രദേശത്തുനിന്നും മാറിത്താമസിച്ചുവെന്ന് പറയുന്നതിൽ സന്തോഷമുണ്ട്.”
“ഏഴ് വിദ്യാർത്ഥികൾ ഇതിനകം ഉക്രെയ്നിൽ നിന്ന് പോളണ്ട്, റൊമാനിയ, ഹംഗറി തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഞങ്ങളുടെ വിവരമനുസരിച്ച്, ഒരു വിദ്യാർത്ഥി മാത്രമാണ് ഇപ്പോഴും സംഘർഷ മേഖലയിൽ ഉള്ളത്. സംഘർഷമേഖലയിൽ നിന്ന് സുരക്ഷിതമായ ഒഴിപ്പിക്കൽ ഉറപ്പാക്കാൻ ഞങ്ങൾ ഏകോപിപ്പിക്കുകയാണ്.”
എംബസി മാതാപിതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഖാർഖിവിലെ രൂക്ഷമായ ഷെൽ ആക്രമണം ഇവരുടെ എൽവിവിലേക്കുള്ള യാത്രക്ക് കനത്ത തടസ്സം സൃഷ്ടിച്ചതായി പെനിൻസുല റിപ്പോർട്ട് ചെയ്തിരുന്നു.