ദോഹ: ഇന്ത്യ, ബംഗ്ളാദേശ്, ശ്രീലങ്ക, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി, 2 ദിവസ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ്, ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ (https://www.discoverqatar.qa/welcome-home/) ആരംഭിച്ചു. ഈ രാജ്യങ്ങളിൽ നിന്നുള്ള റെസിഡന്റ് വിസക്കാരിൽ ഖത്തറിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും, ഖത്തറിലായിരിക്കെ കോവിഡ് വന്നു മാറിയവർക്കുമാണ് 2 ദിവസ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുള്ളത്. 9 മാസത്തിനുള്ളിൽ രോഗം വന്നു മാറിയവർക്കാണ് ഖത്തറിൽ വിവിധ ഇളവുകൾ നൽകി വരാറുള്ളത്. രണ്ട് ദിവസ ക്വാറന്റീന് ശേഷമുള്ള ആർട്ടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ലഭിക്കുകയാണെങ്കിൽ ഇവർക്ക്, സാധാരണനിലയിലേക്ക് മടങ്ങാം.
അതേ സമയം, ഈ രാജ്യങ്ങളിൽ നിന്നുള്ള റെസിഡന്റ് വിസക്കാരിൽ വാക്സീൻ സ്വീകരിക്കാത്തവർക്കുള്ള 10 ദിവസ ക്വാറന്റീനിൽ, ഖത്തറിന്റെ പുറത്ത് നിന്ന് വാക്സീൻ സ്വീകരിച്ചവരേയും വാക്സീൻ സ്വീകരിച്ച എല്ലാ തരം (ഫാമിലി, ടൂറിസ്റ്റ്, ബിസിനസ്സ്) വിസിറ്റിങ്ങ് വിസക്കാരെയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കും ഡിസ്കവർ ഖത്തർ വഴി ബുക്ക് ചെയ്യാവുന്നതാണ്.
ഓഗസ്റ്റ് 2 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മുതലുള്ള യാത്രക്കാർക്കാണ് ട്രാവൽ നയത്തിലെ പുതിയ ഭേദഗതി ബാധകമാവുക.