ഖത്തറിൽ ഡെസേർട്ട് സഫാരിക്കിടെ മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഖത്തർ ഉമ്മ് സൈദിൽ ഇന്നലെ ഡെസേർട്ട് സഫാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി യുവാവ് അബ്നാസ് അബ്ദുല്ലയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്നു കെഎംസിസി മയ്യത്ത് പരിപാലന സമിതി അറിയിച്ചു. രാത്രി 8 മണിക്ക് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ മൃതദേഹം കൊണ്ടുപോകും.
കണ്ണൂർ മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്നാസ് ഇന്നലെ രാവിലെയായിരുന്നു അപകടത്തിൽ മരിച്ചത്. 32 വയസ്സായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഉമ്മ് സൈദിൽ ഡെസേർട്ട് സഫാരിക്കെത്തിയ അബ്നാസിന്റെ വാഹനം മറിഞ്ഞാണ് അപകടം. ഉയർന്ന നിരപ്പിൽ നിന്ന് മറിഞ്ഞ വാഹനത്തിന് അടിയിൽ പെട്ടാണ് മരണം സംഭവിച്ചത്. കൂടെ സഞ്ചരിച്ചവർക്ക് പരിക്കേറ്റു. അശ്രദ്ധമായ ഡ്രൈവിംഗിന്റെ പേരിൽ വാഹനം ഓടിച്ചയാൾക്കെതിരെ കേസെടുത്തു.
വിവാഹത്തിനായി നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് യുവാവിനെ ദുരന്തം തേടിയെത്തിയത്. ഏതാനും വർഷങ്ങളായി ഖത്തറിലുള്ള അബ്നാസ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മുമ്പ് ഹമദ് വിമാനത്താവളത്തിലും ലാർസൺ ടർബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.