ഗ്രൂപ്പ് എഫിൽ വൈകിട്ട് 7 ന് ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ക്രൊയേഷ്യ-കാനഡ മത്സരത്തിൽ മുൻ ഫൈനലിസ്റ്റുകൾക്ക് കാനഡക്കെതിരെ 4-1 ന് ആധികാരിക വിജയം. ആന്ദ്രേജ് ക്രമാരിച് (36, 70 മിനിറ്റുകൾ), മാര്‍കോ ലിവാജ (44), ലവ്‍റോ മാജർ (94) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോളുകൾ നേടിയത്.
കളി തുടങ്ങി ഒരു മിനിറ്റ് പിന്നിടുമ്പോഴേക്കും കാനഡയുടെ ലീഡ് ഉയർന്ന മത്സരത്തിൽ നിരാശരാകാതെ വർദ്ധിത വീര്യത്തോടെയാണ് ക്രൊയേഷ്യ തിരിച്ചു വന്നത്. അൽഫോൻസോ ഡേവിഡിന്റെ ഹെഡറിലൂടെയായിരുന്നു കാനഡയുടെ ആദ്യ ഗോൾ. എന്നാൽ ആദ്യ പകുതിയിൽ തന്നെ അതിന് 2 ഗോളുകൾ കൊണ്ട് മറുപടി നൽകിയാണ് ക്രൊയേഷ്യ പ്രതികരിച്ചത്.
ഇരുനിരയും ആക്രമണ രൂപത്തിലാണ് മുന്നേറ്റം നടത്തിയത്. 22, 35 മിനിറ്റുകളിൽ ക്രൊയേഷ്യയുടെ ഷോട്ടുകൾ കാനഡ ഗോൾ കീപ്പർ തടഞ്ഞിട്ടു. 26–ാം മിനിറ്റിൽ ക്രമാരിക്കിന്റെ ഗോൾ ഓഫ്‌സൈഡ് ആയതിനാൽ നിരസിക്കപ്പെട്ടു.
എന്നാൽ 36–ാം മിനിറ്റിൽ തന്നെ ക്രമാരിക്കിന് വല കുലുക്കാനായി. സമനില പിടിച്ച് 8 മിനിറ്റിനു ശേഷം 44–ാം മിനിറ്റിൽ വീണ്ടും ഗോൾ മാര്‍കോ ലിവാജ വക. 70 മിനിറ്റിൽ ആന്ദ്രേജ് ക്രമാരിച് വീണ്ടും ഗോൾ നേടി. കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും ചെയ്യാനാകാതെയായി കാനഡ. പകരക്കാരെ കൊണ്ട് വന്നിട്ടും രക്ഷയില്ല. ഇഞ്ചുറി ടൈമിൽ (94 -ാം മിനിറ്റ്) കനേഡിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലവ്‍റോ മാജർ അനായാസം പന്ത് നെറ്റിലെത്തിച്ചതോടെ അടക്കം പൂർത്തിയായി.
മത്സരത്തിൽ വിജയിച്ചതോടെ ക്രൊയേഷ്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ഗോൾ നിലയുടെ വ്യത്യാസത്തിൽ ഒരേ പോയിന്റുള്ള മൊറോക്കോ രണ്ടാം സ്ഥാനത്തായി. ആദ്യ മത്സരത്തിൽ ബെൽജിയത്തോടും ഇന്നും പരാജയപ്പെട്ട കാനഡ പുറത്തായി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu