
ഖത്തർ ഡ്യൂട്ടി ഫ്രീ (QDF) അടുത്തിടെ അവതരിപ്പിച്ച ‘കളക്ട് ഓൺ റിട്ടേൺ’ സേവനം ഉപയോഗിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ആസ്വദിക്കാനാവും.
യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, പുറപ്പെടുന്ന യാത്രക്കാർക്ക് HIA-യിൽ ഷോപ്പിംഗ് നടത്താൻ ഈ സേവനം അനുവദിക്കുന്നു.
പകരം, വാങ്ങിയ ഇനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും യാത്രക്കാർ ഖത്തറിലേക്ക് മടങ്ങുമ്പോൾ ബാഗേജ് കറൗസലുകൾക്ക് സമീപമുള്ള അറൈവൽസ് ടെർമിനലിലെ ഒരു നിയുക്ത സ്ഥലത്ത് നിന്ന് കളക്ട് ചെയ്യാൻ അവസരം ഒരുക്കുകയും ചെയ്യുന്നു.
ആഡംബര വസ്തുക്കൾ, ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ അല്ലെങ്കിൽ സുവനീറുകൾ എന്നിവയുൾപ്പെടെ വിവിധ തരം സാധനങ്ങൾക്ക് ഈ സേവനം ലഭ്യമാണ്. എന്നാൽ, പുകയില, സിഗരറ്റുകൾ, മദ്യം തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കിയിരിക്കുന്നു. അതേസമയം സിഗാറുകൾ പരമാവധി 50 സ്റ്റിക്കുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു.
HIA-യുടെ അറൈവൽസ് ടെർമിനൽ വഴി എത്തുന്ന യാത്രക്കാർക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തുമെന്ന് QDF വ്യക്തമാക്കി.
അതേസമയം, യാത്രക്കാർ കസ്റ്റംസ് കടന്നുപോയാൽ സാധനങ്ങൾ വീണ്ടെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ, വിട്ടുപോയ സാധനങ്ങൾ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് വേണം തിരികെ വാങ്ങാൻ.
ലോകത്തിലെ ഏറ്റവും യാത്രാ സൗഹൃദ വിമാനത്താവളങ്ങളിലൊന്നായി എച്ച്ഐഎയെ മാറ്റുന്ന നിരവധി സേവനങ്ങലിലൊന്നായാണ് ക്യൂഡിഎഫ് ഇതും അവതരിപ്പിക്കുന്നത്