ദോഹ: രാജ്യത്തേക്കുള്ള സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും അവയുടെ വകഭേദങ്ങളുടെയും ഇറക്കുമതിക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സംവിധാനം ആരംഭിച്ചതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) അറിയിച്ചു.
വാലിഡിറ്റി ഉള്ളതും ആക്ടിവേറ്റ് ചെയ്തതുമായ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകളില്ലാത്ത സിഗരറ്റുകളുടെ ഇറക്കുമതി ഇന്ന് (ഒക്ടോബർ 13) മുതൽ അനുവദനീയമല്ല.
അതേസമയം, ഈ രീതിയിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകളില്ലാത്ത മറ്റ് പുകയില ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നവംബർ 3 മുതലാണ് വിലക്ക്.
കൂടാതെ, 2023 ജനുവരി 11 മുതൽ സാധുതയുള്ളതും ആക്ടിവേറ്റ് ചെയ്തതുമായ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഇല്ലെങ്കിൽ രാജ്യത്ത് എവിടെയും സിഗരറ്റുകൾ വിൽക്കാനോ പരസ്യം ചെയ്യാനോ പാടില്ല.
അതേസമയം, 2023 ഫെബ്രുവരി 1 മുതൽ വാലിഡിറ്റി ഉള്ളതും ആക്ടിവേറ്റ് ചെയ്തതുമായ ടാക്സ് സ്റ്റാമ്പുകൾ ഇല്ലെങ്കിൽ മറ്റ് പുകയില ഉൽപ്പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കാനോ വിതരണം ചെയ്യാനോ അനുവദിക്കില്ല.
എക്സൈസ് നികുതിയിൽ രജിസ്റ്റർ ചെയ്ത സിഗരറ്റ് ഇറക്കുമതിക്കാർക്ക്, ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സിസ്റ്റത്തിൽ ഇലക്ട്രോണിക് ആയി ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ വാങ്ങുന്നതിനുള്ള അഭ്യർത്ഥനകൾ സമർപ്പിക്കാൻ 2022 ജൂലായ് 14 മുതൽ സമയം അനുവദിച്ചിരുന്നു.
മറ്റു പുകയില ഉൽപന്ന ഇറക്കുമതികാർക്ക് അപേക്ഷയ്ക്കുള്ള സമയം ഓഗസ്റ്റ് 4 മുതലായിരുന്നു. ഈ ഡിജിറ്റൽ സ്റ്റാമ്പ് ഇറക്കുമതി ചെയ്യുന്ന സിഗരറ്റ് പാക്കുകളിൽ പതിപ്പിക്കുകയാണ് ചെയ്യുക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi