
ദോഹ: ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ വ്യവസ്ഥകളിൽ ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി ഖത്തറിൽ താമസിക്കുന്ന മുഴുവൻ സമയത്തേക്ക് ഹോട്ടൽ ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. നിബന്ധന ഏപ്രിൽ 14 മുതലാണ് ബാധകമാവുക.
ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വിശദാംശങ്ങൾ പോസ്റ്റ് ചെയ്യുകയും ഈ രാജ്യക്കാർക്കുള്ള വിസ ഓൺ അറൈവൽ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു. “നിങ്ങൾ ഖത്തറിൽ കുടുംബത്തെ സന്ദർശിക്കുകയാണെങ്കിൽ പോലും, തങ്ങുന്നതിന്റെ മുഴുവൻ സമയവും ഹോട്ടൽ ബുക്ക് ചെയ്യേണ്ടതുണ്ട്,” ഡിസ്കവർ ഖത്തർ വ്യക്തമാക്കി.
2022 ഏപ്രിൽ 14 മുതൽ, ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ നൽകുന്ന പാസ്പോർട്ടുള്ള എല്ലാ പൗരന്മാരും ‘വിസ ഓൺ അറൈവൽ’ ലഭിക്കുന്നതിന് ഇനിപ്പറയുന്ന അധിക നിബന്ധനകൾ പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു:
സന്ദർശകൻ ഡിസ്കവർ ഖത്തർ വെബ്സൈറ്റിൽ ഹോട്ടൽ ബുക്കിംഗ് ചെയ്തിരിക്കണം
വിസയുടെ ദൈർഘ്യം ഡിസ്കവർ ഖത്തറിൽ നിന്ന് വാങ്ങിയ ഹോട്ടൽ താമസത്തിന്റെ ദൈർഘ്യവുമായി പൊരുത്തപ്പെടണം. കുറഞ്ഞത് 2 ദിവസം മുതൽ പരമാവധി 60 ദിവസം വരെ.
ആഭ്യന്തര മന്ത്രാലയം നിർബന്ധമാക്കിയിട്ടുള്ള മറ്റെല്ലാ മാനദണ്ഡങ്ങളും പാലിക്കുക
ഇന്ത്യൻ, ഇറാനിയൻ, പാകിസ്ഥാൻ പൗരന്മാർക്കുള്ള ‘വിസ ഓൺ അറൈവൽ’ അപേക്ഷകൾക്ക് മാത്രമേ ഇത് ബാധകമാകൂ