
ദോഹ: ലോകകപ്പ് 2022-ന്റെ 100 ദിവസത്തെ കൗണ്ട്‌ഡൗണിന്റെ ഭാഗമായി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) ആരാധകർക്ക് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള അവസരമൊരുക്കുന്നു.
ഖത്തറിലെ ആരാധകർക്ക് ഓഗസ്റ്റ് 11 മുതൽ 13 വരെ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാം.
ഈ ദിവസങ്ങളിൽ രാജ്യത്തെ വിവിധ മാളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. അതിൽ രസകരമായ ഗെയിമുകളും ഷോകളും പ്രകടനങ്ങളും ഉൾപ്പെടുന്നു. ഒപ്പം ആരാധകർക്ക് അവരുടെ ഫുട്ബോൾ കഴിവുകൾ പരീക്ഷിക്കുന്നതിനുള്ള അവസരവും നൽകുന്നു.
ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഓഗസ്റ്റ് 11 മുതൽ 13 വരെ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെയും, പ്ലേസ് വെൻഡോമിൽ അതേ ദിവസങ്ങളിൽ ഉച്ച മുതൽ രാത്രി 10 മണി വരെയുമായിരിക്കും പരിപാടികൾ. അതേസമയം, മാൾ ഓഫ് ഖത്തർ ഓഗസ്റ്റ് 12, 13 തീയതികളിൽ ഉച്ച മുതൽ രാത്രി 10 വരെ ആഘോഷങ്ങൾ സംഘടിപ്പിക്കും, അതിൽ അവസാന ദിനത്തിലെ 100 ഡേയ്‌സ് ടു ഗോ ഗ്രാൻഡ് ഫിനാലെയും ഉൾപ്പെടുന്നു.
#100DaysToGo എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിലേക്ക് അപ്‌ലോഡ് ചെയ്തുകൊണ്ട് ആഘോഷിക്കാൻ SC ആരാധകരോട് അഭ്യർത്ഥിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിലേക്ക് കാറ്റഗറി 1 ടിക്കറ്റുകൾ നേടാനുള്ള അവസരമൊരുങ്ങുമെന്നു സുപ്രീം കമ്മറ്റി വ്യക്തമാക്കി.
ഖത്തറിലെ താമസക്കാർക്ക് മാത്രമേ മത്സര പങ്കാളിത്തം ലഭ്യമാവൂ എന്നും എസ്‌സി വ്യക്തമാക്കി.