സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്മൂല്യനിർണയം: ഔദ്യോഗിക തീരുമാനം ജൂണ് 16 ന്. ഇന്റേണൽ മാർക്കുകളെ അടിസ്ഥാനമാക്കും. ആഗസ്റ്റ് 15-ഓടെ ഫലം പ്രസിദ്ധീക്കുമെന്നും സൂചന.
ന്യുഡൽഹി: കോവിഡ് പ്രതിസന്ധിയിൽ റദ്ദാക്കിയ ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം മൂല്യനിർണയരീതി സമർപ്പിക്കാനുള്ള സാവകാശത്തിൽ സിബിഎസ്ഇ രണ്ട് ദിവസം കൂടി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ജൂണ് 16 ന് ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in.ൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നാണ് നിലവിൽ അറിയുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി സിബിഎസ്ഇ നടത്തിയ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കുകളുടെയുടെയും മറ്റു ഇന്റേണൽ പരീക്ഷകളുടെയും അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കാനാണ് അന്തിമ തീരുമാനമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി മൂല്യനിർണയം നടത്താൻ സ്‌കൂളുകൾക്ക് ഒരു മാസം സമയം കൊടുക്കും. വീണ്ടും 10 മുതൽ 15 ദിവസത്തിനകം ഓഗസ്റ്റ് 15-ഓടെ വിദ്യാർത്ഥികളുടെ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിക്കാൻ ആണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്.
ഇന്റേണൽ മാർക്കുകളിലും പ്രീ-ബോർഡ് മാർക്കുകളിലും തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിൽ മാർക്ക് മെച്ചപ്പെടുത്താൻ ‘കംപാർട്മെന്റ് എക്സാം’ നടത്താനും തീരുമാനം ഉണ്ട്. ബോർഡ് എക്സാം മാർക്കുകളിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് പിന്നീടൊരു തിയ്യതിയിൽ ഇമ്പ്രൂവ്മെന്റ് പരീക്ഷ നടത്താനും സാധ്യത കൽപ്പിക്കുന്നു. മാർക്ക് സിസ്റ്റം തന്നെയാണ് പിന്തുടരുക എന്നും അറിയുന്നു.
ഇത് സംബന്ധിച്ച ഔദ്യോഗിക പോളിസി ജൂണ് 16-ഓടെ സിബിഎസ്ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
നേരത്തെ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു സിബിഎസ്ഇ അവകാശപ്പെട്ടിരുന്നത്. അതു പ്രകാരം ഇന്നായിരുന്നു റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന ദിവസം. എന്നാൽ പാനൽ അംഗങ്ങളിൽ പലരുടെയും കുടുംബങ്ങളും കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടത് നടപടികൾ വൈകിപ്പിച്ചതായാണ് സൂചന. സുപ്രീംകോടതിയുടെ ഔദ്യോഗിക വിധിയനുസരിച്ച് ജൂണ് 17 ആണ് അവസാന തിയ്യതി.
ഏത് രീതിയിലുള്ള മൂല്യനിർണയം ആണെന്നതിനെ സംബന്ധിച്ച് പാനലിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇതിനോടകം മുന്നോട്ട് വെക്കപ്പെട്ടത് എന്നായിരുന്നു അഭ്യൂഹങ്ങൾ. വിദ്യാർത്ഥിയുടെ 10-ആം ക്ലാസിലെ മാർക്കുകളെ അടിസ്ഥാനമാക്കിയോ, 11-ആം ക്ലാസിലെ മാർക്കിനെ അടിസ്ഥാനമാക്കിയോ ആയിരിക്കണം ബദൽ മൂല്യനിർണയം എന്നാവശ്യം ഉയർന്നതായും, ഇത് വരെയുള്ള ക്ലാസ് ടെസ്റ്റുകളുടെയും അർദ്ധ വാർഷിക പരീക്ഷകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും, 9, 10, 11 ക്ലാസുകളിലെയോ 10, 11 ക്ളാസുകളിലെയോ പ്രകടനത്തെ സംയുക്തമായി പരിഗണിച്ചുകൊണ്ടായിരിക്കണം എന്നും ഉയർന്നു വന്ന ബദൽ ആശയങ്ങളിൽ ഉൾപ്പെടും. നിലവിൽ സിബിഎസ്ഇ സ്വീകരിച്ചു വരുന്ന മാർക്കിംഗ് സിസ്റ്റം മാറ്റി ഗ്രേഡിംഗ് രീതിയിലേക്ക് തീരിച്ചു പോകണം എന്ന അഭിപ്രായവും ശക്തമായിരുന്നു.
ഖത്തറിലെ ഉൾപ്പെടെ വിവിധ വിദേശ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ഭാവിയെയും തുടർ പഠനത്തേയും നേരിട്ട് ബാധിക്കുന്ന നിർണ്ണായക തീരുമാനമാണ് സിബിഎസ്ഇയുടെ പകരം മൂല്യനിർണയം.