സെൻട്രൽ ദോഹയിലെ ഗതാഗതക്കുരുക്ക് തീരും; എ-റിങ് റോഡ് ഒരുങ്ങി
സെൻട്രൽ ദോഹയിലെ ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ട് ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി എ-റിങ് റോഡിന്റെ സൗന്ദര്യവൽക്കരണവും വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി പ്രഖ്യാപിച്ചു.
റോഡിന്റെ വിപുലീകരണത്തിനൊപ്പം, 9 കവലകളുടെ വികസനം, മരങ്ങൾ നട്ടുപിടിപ്പിക്കൽ, പാർക്കിംഗ് ബേകൾ വർദ്ധിപ്പിക്കൽ, എ-റിങ് റോഡിലേക്ക് ലംബമായി തെരുവുകൾ വികസിപ്പിക്കൽ, റോഡിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡുകൾ സ്ഥാപിക്കൽ എന്നിവയും പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ, കാൽനട, സൈക്ലിംഗ് പാതകൾ, പുതിയ ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുക വഴി റോഡിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം, കുടിവെള്ളം, ജലസേചന ശൃംഖല എന്നിവ നവീകരിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
വികസനം എ-റിങ് റോഡിനും ബി-റിങ് റോഡിനും ഇടയിലുള്ള പരിവർത്തനം സുഗമമാക്കുന്നു. റോഡിലെ പാതകളുടെ എണ്ണം ഓരോ ദിശയിലും 2 ലെയിനുകളിൽ നിന്ന് 4 ലെയ്‌നുകളായി വർദ്ധിപ്പിച്ചിട്ടുണ്ട്.