ഖത്തറിൽ ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് രജിസ്റ്റർ ചെയ്യാൻ പുതിയ ഓണ്‍ലൈൻ സംവിധാനം
എൻഡോവ്മെന്റ് (ഔഖാഫ്) ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴിൽ ഹജ്ജ്, ഉംറ തീർഥാടകരെ രജിസ്റ്റർ ചെയ്യുന്നതിനായി പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു. ഓരോ തീർഥാടകനും, വിവരങ്ങൾ രജിസ്റ്റർ ചെയ്യാനും എന്‍ഡോവ്മെന്റ് ഓഫീസും തീർഥാടകനും തമ്മിലുള്ള കരാർ അപ്ലോഡ് ചെയ്യാനും അനുവദിക്കുന്ന രീതിയിലാണ് സംവിധാനം.
ഖത്തറിൽ നിന്നുള്ള തീർഥാടകരുടെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാകുന്നതിനൊപ്പം, ഏതെങ്കിലും പരാതികൾ ഉണ്ടായാൽ ഹജ്ജ്, ഉംറ ഓഫീസുകളും തീർഥാടകരും തമ്മിലുള്ള കരാറുകൾ പുനഃപരിശോധിക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് ഹജ്, ഉംറ വകുപ്പ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
അംഗീകൃത ക്യാമ്പയിനുകൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യുമെന്നും ഹജ്ജ്, ഉംറ ഓഫീസുകൾക്ക് തീർഥാടകരുടെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ചുമതലയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു. നൽകുന്ന സേവനങ്ങളിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ തീർഥാടകന്റെ അവകാശവും ഓഫീസിന്റെ അവകാശവും ഉറപ്പുനൽകുന്ന കരാറാണ് പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മന്ത്രാലയം അംഗീകരിച്ച ഹജ്ജ്, ഉംറ, ഓഫീസുകളെ പ്രസ്തുത പദ്ധതി ബന്ധിപ്പിക്കുന്നതായി എൻഡോവ്മെന്റ് മന്ത്രാലയത്തിലെ (ഔഖാഫ്) ഹജ്ജ്, ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രി പറഞ്ഞു.
തീർഥാടകനുമായി ഓഫീസ് കരാർ ഒപ്പിട്ടശേഷം കരാർ പകർപ്പും വാക്സിനേഷൻ സർട്ടിഫിക്കറ്റും പുതിയ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യും. തീർഥാടകരുടെ കണക്കുകൾ, അവരുടെ പൗരത്വം, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവ മനസ്സിലാക്കാൻ ഹജ്ജ്, ഉംറ വകുപ്പിനെ ഈ ഡാറ്റ സഹായിക്കും.