പ്രതിയായ മലയാളിയുടെ ഖത്തറിലെ ശമ്പളം 7 ലക്ഷം; സത്യമറിയാൻ അഭിഭാഷക സംഘം ഖത്തറിൽ
ഗാർഹിക പീഡനക്കേസിൽ പ്രതിയായ ഭർത്താവ് ഹാജരാക്കിയ ശമ്പള സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാൻ അഭിഭാഷക കമ്മീഷനെ ഖത്തറിലേക്ക് അയച്ച് കോടതി.
ഹരിപ്പാട് ബാറിലെ അഭിഭാഷകനായ ജയൻ കെ. വാഴൂരേത്താണ് കോടതി നിർദ്ദേശ പ്രകാരം ഖത്തറിലെത്തിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എംജി രാകേഷ് ആണ് അപൂർവ നിർദ്ദേശം പുറപ്പെടുവിച്ചത്. അഡ്വ.നജീബ് തവക്കൽ ഫയൽ ചെയ്ത കേസിലാണ് നടപടി.
ഖത്തറിൽ ഡോക്‌ടറായ ഭർത്താവിൽ നിന്ന് മക്കളുടെ സംരക്ഷണ ചെലവും ജീവനാംശവും ആവശ്യപ്പെട്ട് കായംകുളം സ്വദേശിനി നൽകിയ ഹർജിയിലാണ് ഭർത്താവിന്റെ ശമ്പളം അന്വേഷിക്കാൻ കമ്മീഷൻ ഖത്തറിലെത്തിയത്.
ഭർത്താവിന്റെ വരുമാനം അനുസരിച്ചാണ് കോടതി ജീവനാംശം നിശ്ചയിക്കുക. 11,549 ഖത്തർ റിയാൽ ആണ് ഖത്തറിലെ തന്റെ ശമ്പളം എന്നു കാണിച്ച് ഭർത്താവ് നൽകിയ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് ഭാര്യ അപ്പീൽ നല്കുകയായിരുന്നു.
ഖത്തറിൽ 15 വർഷമായി ഡോക്ടർ ആയ ഭർത്താവിന് 7 ലക്ഷം ശമ്പളം ഉണ്ടെന്നാണ് ഭാര്യയുടെ വാദം. ഇതന്വേഷിക്കാൻ കോടതി കമ്മീഷനെ ഖത്തറിലേക്ക് അയക്കുക ആയിരുന്നു. ഖത്തറിലേക്കുള്ള ചെലവ് താൻ വഹിക്കുമെന്നും ഭാര്യ പറഞ്ഞു.
അന്വേഷണത്തിന് ശേഷം നവംബർ 29 ന് കമീഷൻ തിരിച്ചെത്തും. ഖത്തറിലെ ഇന്ത്യൻ എംബസിയുമായും അംബാസിഡറുമായും ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കുമെന്ന് അഭിഭാഷക കമീഷൻ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu