ബിർകത്ത് അൽ അവാമറിലെ റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെൻ്റ് പ്രോജക്ടിൻ്റെ പ്രവർത്തനം ആരംഭിച്ച് അഷ്ഗൽ

‘അഷ്ഗൽ’ – പൊതുമരാമത്ത് അതോറിറ്റി ബിർകത്ത് അൽ അവാമറിലെ റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് പ്രോജക്ടിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഖത്തർ ഇക്കണോമിക് സോൺസ് കമ്പനിയുടെ ഭാഗമായ “മനാടെക്” ലോജിസ്റ്റിക് സോണിനെ ഈ പദ്ധതി പിന്തുണയ്ക്കും. ആന്തരിക റോഡുകൾ മെച്ചപ്പെടുത്തുക, ഗതാഗതം സുരക്ഷിതമാക്കുക, ലോജിസ്റ്റിക് സോണിൻ്റെയും ഭാവിയിലെ വളർച്ചയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക എന്നിവയാണ് ലക്ഷ്യം.
ദോഹയിൽ നിന്ന് 41 കിലോമീറ്റർ തെക്ക് സോൺ 91-ലാണ് പദ്ധതി. റോഡുപയോഗിക്കുന്നവരുടെ അസൗകര്യം കുറയ്ക്കുന്നതിനായി ഈ പ്രവർത്തനം ഒന്നിന് പുറകെ ഒന്നായി പൂർത്തിയാക്കുന്ന നാല് മേഖലകളായി തിരിച്ചിട്ടുണ്ട്.
2027 മൂന്നാം പാദത്തിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അഷ്ഗൽ റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്ട്‌മെൻ്റിലെ പ്രോജക്ട് എഞ്ചിനീയർ മുഹമ്മദ് അബ്ദുൽകരീം അൽയാഫി പറഞ്ഞു. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ, റോഡ് ശൃംഖലകൾ, പൊതുഗതാഗത സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന തെരുവുകൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടെ ബിർകത്ത് അൽ അവാമറിലെ 880 സബ്‌ഡിവിഷനുകൾക്ക് ഇത് പ്രയോജനം ചെയ്യും.
തെരുവ് വിളക്കുകൾ, തൂണുകൾ, റോഡ് അടയാളങ്ങൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെ 24 കിലോമീറ്റർ റോഡ് ശൃംഖല നിർമ്മിക്കുന്നതും നവീകരിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. 5 കിലോമീറ്റർ ഉപരിതല ഡ്രെയിനേജ് സംവിധാനവും 27,000 ക്യുബിക് മീറ്റർ ശേഷിയുള്ള വലിയ മഴവെള്ള സംഭരണി ലഗൂണും സൃഷ്ടിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഈ ലഗൂൺ അടിയന്തര ഘട്ടങ്ങളിൽ പ്രദേശത്തെ സംരക്ഷിക്കാനും സംഭരിക്കുന്ന മഴവെള്ളം ജലസേചനത്തിനായി ഉപയോഗിക്കാനും സഹായിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx