ഖത്തറിലെ വേനലിൽ പണിയെടുക്കുന്നവർക്ക് ആരോഗ്യസുരക്ഷയുറപ്പാക്കി പൊതുമരാമത്ത് വകുപ്പ്
ദോഹ: മരാമത്ത് തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും ഉറപ്പു വരുത്താനും തൊഴിൽസ്ഥലത്തെ അപകടങ്ങളിൽ നിന്നും പരുക്കുകളിൽ നിന്നും രക്ഷിക്കാനുമായി പദ്ധതികളും നിയന്ത്രണങ്ങളും തുടരുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് (അഷ്ഖൽ) ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. വേനൽക്കാലത്ത് പകൽ 10 മുതൽ ഉച്ച തിരിഞ്ഞു 3.30 വരെ തുറന്ന സ്ഥലങ്ങളിലെ തൊഴിൽ നിരോധിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം കർശനമായി പാലിച്ച് കൊണ്ടാണ് വകുപ്പിന്റെ ജോലികൾ മുന്നോട്ടു പോകുന്നത്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പുറംപണിക്കാരിൽ വ്യാപകമായി കാണപ്പെടുന്ന അമിതതാപ സംബദ്ധമായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചു കൃത്യമായ ബോധവൽക്കരണവും നടത്തുന്നുണ്ട്.
സുരക്ഷിതമായ തൊഴിൽസാഹചര്യം ഒരുക്കുന്നതിനൊപ്പം, കൃത്യമായ ഇടവേളകളിൽ പ്രോജക്ട് ഏരിയക്കുള്ളിൽ ശീതീകരിച്ച തണലിടങ്ങളിലുള്ള വിശ്രമ സൗകര്യം, സൗജന്യ ദാഹജലം, ചൂടിൽ നിന്ന് സംരക്ഷിക്കാൻ ഉതകുന്ന വിവിധ ഉപകരണങ്ങളുടെ വിതരണം എന്നിവയെല്ലാം ലഭ്യമാക്കുന്നുണ്ട്. കൃത്യമായ സുരക്ഷാ, പ്രാഥമിക ശുശ്രൂഷാ മാർഗ്ഗനിർദ്ദേശങ്ങളുമായി പാരാമെഡിക്കൽ സംഘവും സൂപ്പര്‍വൈസർമാരും പ്രോജക്ട് സൈറ്റുകൾ സന്ദര്‍ശിക്കുന്നുണ്ട്. ഇവ കൂടാതെ തൊഴിലാളികൾക്കായി സൗജന്യ ആരോഗ്യ പരിശോധന സംവിധാനവും മെഡിക്കൽ സേവനവും അഷ്ഖൽ ലഭ്യമാക്കുന്നുണ്ട്. വകുപ്പിന്റെ പ്രോജക്ടുകളുമായി ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ട്മെന്റുകളിലും വർക്ക് സൈറ്റുകളിലും ആരോഗ്യസുരക്ഷയുടെ ഭാഗമായ പരിശോധന ക്യാമ്പയിനുകൾ നടത്തുമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതായി ഉറപ്പുവരുത്തുമെന്നും അഷ്ഖൽ അറിയിച്ചു.