നാടകീയതയുടെ എല്ലാ കൊടുമുടിയും കണ്ട അർജന്റീന-ഫ്രാൻസ് ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് അർജന്റീനക്ക് വിജയം. 3-3 ന് സമനിലയിലെത്തിയ മൽസരം അധിക സമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലെത്തിയതോടെ അർജന്റീനയുടെ കിരീട കാത്തിരിപ്പിന് അവസാനമാവുകയായിരുന്നു. ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ 2 താരങ്ങൾ എടുത്ത കിക്കുകൾ ഗോൾ ആയില്ല. അർജന്റീനയുടെ 4 പേരും എടുത്ത കിക്കുകൾ വല കുലുക്കുകയും ചെയ്തു (4-2).
ആദ്യ ഷോട്ടിൽ ഫ്രാൻസിനായി എംബാപ്പെ പെനാൽറ്റി ഗോൾ നേടി. തുടർന്ന് അർജന്റീനക്കായി മെസിയും വല കുലുക്കി. സ്‌കോർ 1-1. എന്നാൽ ഫ്രാൻസിന്റെ രണ്ടാമൻ കിങ്സ്ലി കോമാന്റെ കിക്ക് അർജന്റീന ഗോളി എൽ. മാര്‍ട്ടിനെസ് തട്ടിയകറ്റി. മൂന്നാമൻ ചൗമാന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. നാലാമൻ കോലോ മുവാനി ഗോൾ നേടി. സ്‌കോർ 3-2. എന്നാൽ അർജന്റീനയുടെ എല്ലാവരുടേയും കിക്കുകൾ വല കുലുക്കി. അർജന്റീനയുടെ നാലാമന് ഗോണ്സാലോ മോണ്ടിയിൽ ലക്ഷ്യം കണ്ടതോടെ സ്‌കോർ 4-2. 36 വർഷത്തെ കാത്തിരിപ്പിന് വിരാമം അർജന്റീന ലോക കിരീടത്തിൽ.
കളിയുടെ തുടക്കം മുതൽ കണ്ടത് ആത്മവിശ്വാസം തുളുമ്പുന്ന അർജന്റീനിയൻ മുന്നേറ്റം. ഒരറ്റം കിട്ടിയാൽ ആക്രമണകാരിയായേക്കാവുന്ന ഫ്രാൻസിന് ഒരിടവും കൊടുക്കാതെ സമർത്ഥമായ പന്ത് കയ്യടിക്കൊണ്ടുള്ള മുന്നേറ്റം. 20–ാം മിനിറ്റിൽ ഫ്രാൻസിന് ലഭിച്ച ഫ്രീകിക്ക് ജിറൂദ് ഹെഡ് ചെയ്ത് ഗോളാക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു.
21-ാം മിനിറ്റില്‍ ബോക്‌സിനകത്തേക്ക് മുന്നേറിയ എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മെസ്സി ഗോൾ ആക്കുന്നു. അർജന്റീനയ്ക്ക് വ്യക്തമായ ആധിപത്യവും ആത്മവിശ്വാസവും.
തുടർന്നും ആക്രമിച്ചു കളിച്ചു അർജന്റീന. മെസ്സി നല്‍കിയ പാസ് സ്വീകരിച്ച മാക് അലിസ്റ്റര്‍ ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മുന്നേറി ബോൾ ഡി മരിയക്ക് നൽകുന്നു. മുന്നിൽ ഗോളി ലോറിസ് മാത്രമുള്ളപ്പോൾ അളന്ന് മുറിച്ച് കൊടുത്ത കിക്കിൽ പന്ത് വല കുലുക്കി 36–ാം മിനിറ്റിൽ അർജന്റീന 2 ഗോളിന് ലീഡ് പിടിക്കുന്നു.
അത് വരെ ഒരു ഗോൾ അറ്റംപ്റ്റും നടത്താത്ത ഫ്രഞ്ച് ടീം ഉണർന്ന് കളിച്ചത് രണ്ടാം പകുതിയിലാണ്. എന്നാൽ അർജന്റീനക്കുള്ള മരണമണിയാണ് ആ ഉണർവെന്ന് ഒരു നിമിഷം ആരും ചിന്തിക്കില്ല. അർജന്റീനയ്‌ക്കെതിരെ 80, 81 മിനിറ്റുകളിലായി എംബപെയിലൂടെ ഫ്രാൻസ് മറുപടി ഗോളുകൾ നേടി.
കോലോ മുവാനിയെ ഒട്ടമെന്‍ഡി ഫൗൾ ചെയ്തതിനെ തുടർന്ന് എമ്പാപ്പെ എടുത്ത പെനാൽറ്റി ഗോളായി. വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ എംബാപ്പെ അടുത്ത ഗോളും നേടി. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയഗോൾ നേടാനാകാതെ പോയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു.
എക്സ്ട്രാ ടൈമിലും ഫ്രാൻസ് ആക്രമണം തുടർന്നു. ആദ്യ 15 മിനിറ്റിൽ അർജന്റീനക്ക് രണ്ടോളം അവസരങ്ങൾ തുറന്നു എങ്കിലും പന്തിന് ഗോൾ വല കുലുക്കാൻ മാത്രമായില്ല. രണ്ടാം പകുതി തുറന്നത് മിശിഹയുടെ ഉയർത്തെഴുന്നേല്പിന് വേണ്ടി. ഗോൾ നേടിയ മെസ്സി അർജന്റീനയെ 3-2 ന് മുന്നിലെത്തിച്ചു. എന്നാൽ അതിനാടകീയമായിരുന്നു ബാക്കി. എംബാപ്പെയുടെ ഷോട്ട് മോണ്ടിയലിന്റെ കയ്യിൽ തട്ടി ഹാൻഡ് ബോളായതിനെ തുടർന്ന് പെനാൽറ്റി ലഭിക്കുകയും എമ്പാപ്പെ അത് ഗോൾ ആക്കുകയും ചെയ്യുന്നു. അധിക സമയത്തിന്റെ അവസാന നിമിഷങ്ങളിൽ 3-3 ന് സമനില പിടിച്ചത് അർജന്റീനിയൻ ആരാധക സമുദ്രത്തെ നിശ്ശബ്ദമാക്കി. കളിയെ ഷൂട്ടൗട്ടിലേക്ക് നയിച്ചു.
36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ലോക കിരീടത്തിൽ മുത്തമിടുന്നത്. മെസ്സിയുടെ അഞ്ചാം ലോകകപ്പിൽ ഇതാദ്യമായി ഇതിഹാസ താരത്തിന് ലോകകപ്പ് സ്വന്തം. അർജന്റീനയുടെ മൂന്നാം കിരീട നേട്ടം. അർജന്റീനയെ കപ്പിൽ എത്തിച്ച മെസ്സി തന്നെ ടൂർണമെന്റിലെ ഗോൾഡൻ ബോൾ ജേതാവുമായി. എന്നാൽ കളിയിൽ 4 ഗോൾ നേടിയ എംബാപ്പെ ടൂർണമെന്റിലെ ഗോൾ വേട്ടയിൽ മെസ്സിയെ മറി കടന്നു. ആകെ 9 ഗോളുകളുമായി ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായി ഈ 23 കാരൻ.
പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായ സേവ് നടത്തിയ അർജന്റീനിയൻ ഗോളി എൽ.മാർട്ടിനസിനാണ് ടൂർണമെന്റിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗസ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB