എല്ലാ കണ്ണുകളും ദോഹയിലേക്ക്; അറബ്-ഇസ്ലാമിക ഉച്ചകോടി ഉടൻ ആരംഭിക്കും

സെപ്റ്റംബർ 9 ന് ദോഹയിലെ നിരവധി ഹമാസ് നേതാക്കൾ താമസിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ന് ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടൻ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാനായി നിരവധി പ്രാദേശിക, അന്തർദേശീയ നേതാക്കൾ ദോഹയിലെത്തി.
സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ, തചികിസ്താൻ പ്രസിഡന്റ് ഇമോമാലി റഹ്മാൻ, ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൻ തുടങ്ങിയവർ ഇന്ന് ദോഹയിലെത്തിയവരിൽ ഉൾപ്പെടുന്നു.
ഉച്ചകോടിക്ക് മുന്നോടിയായി ഇന്നലെ ഒരു തയ്യാറെടുപ്പ് യോഗം നടന്നു, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി ആക്രമണത്തെ ശക്തമായി അപലപിച്ചു.
“ഈ പ്രവൃത്തിയെ സ്റ്റേറ്റ് ഭീകരത എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ – അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതും, പ്രാദേശിക സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും, അന്താരാഷ്ട്ര നിയമസാധുതയെ ധിക്കാരപൂർവ്വം വെല്ലുവിളിക്കുന്നതുമായ നിലവിലെ തീവ്രവാദ ഇസ്രായേൽ സർക്കാർ പിന്തുടരുന്ന ഒരു നയമാണിത്,” അദ്ദേഹം പറഞ്ഞു.