
ഡിസംബർ 1 മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി (mascot) അറബ് കപ്പ് ഖത്തർ 2025 ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി (LOC) “ജൂഹയെ” പ്രഖ്യാപിച്ചു.
വികൃതിയും മണ്ടനുമായ ഒരു മനുഷ്യൻ ആഴത്തിലുള്ള ജ്ഞാനം വെളിപ്പെടുത്തുന്ന രീതിയിലുള്ള നർമ്മ കഥകൾക്ക് പേരുകേട്ട അറബ് സാഹിത്യത്തിലെ ഒരു പ്രശസ്ത കഥാപാത്രമാണ് ജൂഹ. പ്രദേശത്തിന്റെ സമ്പന്നമായ നാടോടിക്കഥകളെയും സാംസ്കാരിക പൈതൃകത്തെയും ഈ മാസ്കോട്ട് പ്രതിഫലിപ്പിക്കുന്നു.
ഫിഫ അറബ് കപ്പ് ആഘോഷങ്ങളിലുടനീളം ജൂഹ പ്രത്യക്ഷപ്പെടും. അറബ് ലോകത്തെമ്പാടുമുള്ള ആരാധകർ ഫുട്ബോളിനോടുള്ള അഭിനിവേശം ആഘോഷിക്കാൻ ഒത്തുചേരുന്ന അസുലഭ നിമിഷങ്ങളെ ജൂഹ അത്യന്തം ആവേശകരമാക്കി മാറ്റും.
ഈ വർഷത്തെ അറബ് കപ്പ് ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും. ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. നവംബർ 25–26 തീയതികളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളിൽ ശേഷിക്കുന്ന ഏഴ് സ്ഥാനങ്ങൾക്കായി മറ്റ് 14 ടീമുകൾ മത്സരിക്കും.




