ദേശീയ കായിക ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് ഖത്തർ അമീർ

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമൊപ്പം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇത്തവണത്തെ ദേശീയ കായിക ദിനാഘോഷങ്ങളിൽ പങ്കാളിയായി. ലൂസൈൽ ബൊളിവാർഡിൽ നടന്ന കായിക പ്രവർത്തനങ്ങളിലാണ് അദ്ദേഹം പ്രധാനമായും പങ്കുചേർന്നത്.
സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം ലൂസൈലിലൂടെ നടന്ന് അദ്ദേഹം കായിക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരുമായി സംസാരിച്ചു. കായിക പ്രവർത്തനങ്ങൾ ഒരു ജീവിതശൈലിയായി മാറ്റേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, കുട്ടികളുടെ കായിക താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും കായിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അമീറിന്റെ നേതൃത്വത്തിൽ രാജ്യം ഓരോ വർഷവും ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. അമീറിനൊപ്പം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വിവിധ പരിപാടികളിൽ സന്നിഹിതരായിരുന്നു.
രാജ്യത്തുടനീളം വിപുലമായ പരിപാടികളോടെയാണ് 2026-ലെ കായിക ദിനം ആഘോഷിക്കപ്പെട്ടത്. അമീറിന്റെ സാന്നിധ്യം കായിക ദിനാഘോഷങ്ങൾക്ക് വലിയ ആവേശമാണ് പകർന്നത്.




