ഗാസയിലെ സംഭവങ്ങളുടെ നേർക്കാഴ്ച്ച നൽകുന്ന 22 സിനിമകൾ അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും
അജ്യാൽ ഫിലിം ഫെസ്റ്റിവൽ 2024-ൽ നടക്കുന്ന ഇന്താജ് എക്‌സിബിഷനിൽ, കഴിഞ്ഞ പന്ത്രണ്ടു മാസങ്ങളായി ഗാസയിൽ നടക്കുന്ന സംഭവങ്ങളുടെ യഥാർത്ഥവും, ഫിൽട്ടർ ചെയ്യാത്തതുമായ നിമിഷങ്ങൾ പകർത്തുന്ന 22 സിനിമകൾ പ്രദർശിപ്പിക്കും.
ദോഹയിലെ മ്ഷൈറബ് ഡൗൺടൗണിൽ നടക്കുന്ന ഈ പ്രദർശനം ഫിക്ഷൻ, ആനിമേഷൻ, ഡോക്യുമെൻ്ററി സിനിമകൾ എന്നിവയുടെ മിശ്രിതമായാണ് അവതരിപ്പിക്കുന്നത്. പ്രയാസകരമായ സമയങ്ങളിൽ പോലും കലയ്ക്കു പ്രാധാന്യം നൽകുന്ന ഗാസയിലെ ഒരു കലാസമൂഹത്തെ ഈ സിനിമകൾ ഉയർത്തിക്കാട്ടുന്നു.
ഈ ഹ്രസ്വചിത്രങ്ങൾ അതിജീവനം മാത്രമല്ല, കഠിനമായ സാഹചര്യങ്ങളിലും കലാപരമായ ആവിഷ്‌കാരത്തിൻ്റെ ശക്തിയെന്താണെന്ന് കാണിച്ചു തരുന്നതാണെന്ന് ഡിഎഫ്ഐ സിഇഒയും ഫെസ്റ്റിവൽ ഡയറക്ടറുമായ ഫാത്മ ഹസൻ അൽറെമൈഹി പറഞ്ഞു.
ഇന്താജ്: ഫ്രം ഗ്രൗണ്ട് സീറോ എക്‌സ്‌പീരിയൻസ് എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ, പ്രശസ്‌ത പലസ്തീൻ ചലച്ചിത്രകാരൻ റാഷിദ് മഷാരാവിയുടെ നേതൃത്വത്തിൽ വിവിധ ചലച്ചിത്ര പ്രവർത്തകരുടെ 22 ഹ്രസ്വചിത്രങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു. പോരാട്ടത്തിൻ്റെയും പ്രതീക്ഷയുടെയും കഥകൾ നിറഞ്ഞ ഗാസയുടെ ആത്മാവിനെ അടുത്തറിയാൻ ഈ സിനിമകളിലൂടെ കഴിയും.
ഔസ് അൽ-ബന്ന, അഹമ്മദ് അൽ-ദാൻഫ്, ബാസൽ എൽ-മഖൂസി, മുസ്തഫ അൽ-നബിഹ്, മുഹമ്മദ് അൽ-ഷെരീഫ്, അലാ അയൂബ്, ബഷർ അൽ-ബൽബിസി, അലാ ദാമോ, ഹന എലീവ, അഹമ്മദ് ഹസൂന, മുസ്തഫ, കോലാബ്, കരീം സതോം, മഹ്ദി ക്രെയ്‌റ, റബാബ് ഖമീസ്, ഖമീസ് മഷാരാവി, വിസാം മൂസ, ടമെർ നജ്ം, നെദാ അബു ഹസ്‌ന, നിദാൽ ദാമോ, റീമ മഹ്മൂദ്, എതിമാദ് വാഷാ, ഇസ്‌ലാം അൽ-സെറി എന്നിവർ ഈ പ്രോജക്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ചലച്ചിത്ര പ്രവർത്തകരാണ്.