ഇന്ത്യ-ഖത്തർ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ
2022 ഒക്ടോബർ 30 മുതൽ ദോഹയിലേക്ക് പുതിയ വിമാനങ്ങൾ ആരംഭിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നു.
മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ വീതം സർവീസ് നടത്തും.
ഒക്‌ടോബർ 30-ന് ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള നോൺ-സ്റ്റോപ്പ് എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12:45-ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകുന്നേരം 6:45-ന് മുംബൈയിൽ ലാൻഡ് ചെയ്യും. ടിക്കറ്റ് നിരക്ക് QR920 ആണ്.
നിലവിൽ എയർലൈൻ വെബ്‌സൈറ്റിൽ 2023 മാർച്ച് 19 വരെ ബുക്കിംഗ് ലഭ്യമാണ്.
ഇന്ത്യൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ലഭ്യമായ സ്ലോട്ടുകൾ അനുസരിച്ച്, ഇന്ത്യയ്ക്കും ഖത്തറിനും ഇടയിൽ, ഡൽഹി, മുംബൈ, ദോഹ എന്നിവിടങ്ങളിൽ ആറ് പ്രതിവാര ഫ്ലൈറ്റുകൾ ചേർക്കാനും എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ നാല് ഫ്ലൈറ്റുകൾ ചേർക്കാനും തീരുമാനമായി.
നവംബറിൽ ഫിഫ ലോകകപ്പ് നടക്കുന്നതിനാൽ ദുബായിലേക്കും ഖത്തറിലേക്കും യാത്രക്കാരുടെ ഉയർന്ന എണ്ണം പ്രയോജനപ്പെടുത്താനാണ് എയർ ഇന്ത്യ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.