ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് ആഴ്ചയിൽ 20 പുതിയ വിമാനങ്ങളുമായി എയർ ഇന്ത്യ
ദോഹ: ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് ആഴ്ചയിൽ 20 പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു.
2022 നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്‌ബോൾ മാമാങ്കത്തോടനുബന്ധിച്ച് പ്രതീക്ഷിക്കുന്ന വൻ ഡിമാൻഡ് ഉൾക്കൊള്ളാൻ ഈ അധിക ശേഷി സഹായിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
ഈ കാലയളവിൽ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് വിമാനങ്ങൾ സർവ്വീസ് നടത്തും. ഇത് 2022 ഒക്ടോബർ 30 മുതൽ ആരംഭിക്കും.
കൂടാതെ, മുംബൈയിൽ നിന്ന് പതിമൂന്ന് വിമാനങ്ങളും, ഹൈദരാബാദിൽ നിന്ന് നാല്, ചെന്നൈയിൽ നിന്ന് മൂന്ന് വീതം വിമാനങ്ങളും സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിദിന ഫ്‌ളൈറ്റുകൾക്ക് പുറമെയായിരിക്കും ഈ വിമാനങ്ങളെന്നും എയർലൈൻ അറിയിച്ചു.
കഴിഞ്ഞ മാസം എയർ ഇന്ത്യയുടെ ആഭ്യന്തര നെറ്റ്‌വർക്കിൽ 24 പുതിയ വിമാനങ്ങൾ വർധിപ്പിച്ചതിനെ തുടർച്ചയായാണ് ഖത്തറിലേക്കുള്ള അധിക കണക്റ്റിവിറ്റിയെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
“ഈ അധിക 24 വിമാനങ്ങളിൽ ഡൽഹി-മുംബൈ, ഡൽഹി-ബെംഗളൂരു, മുംബൈ-ചെന്നൈ റൂട്ടുകളിൽ ഓരോന്നിലും രണ്ട് പുതിയ ഫ്രീക്വൻസികളും മുംബൈ-ബെംഗളൂരു റൂട്ടിൽ ഒരു പുതിയ ഫ്രീക്വൻസിയും ഉൾപ്പെടുന്നു,” എയർലൈൻ കൂട്ടിച്ചേർത്തു.
“ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ പ്രതിഭകൾ പരസ്പരം മത്സരിക്കുന്ന ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ഇന്ത്യയിലുടനീളമുള്ള ഫുട്ബോൾ ആരാധകർ ആവേശഭരിതരാണ്. മുഴുവൻ യാത്രാനുഭവവും സുഗമവും തടസ്സരഹിതവുമാക്കുന്നതിനാണ് ഞങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയും ഖത്തറും തമ്മിൽ ശക്തമായ കണക്റ്റിവിറ്റി നൽകാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്,” ഖത്തറിലേക്കുള്ള പുതിയ വിമാനങ്ങളെക്കുറിച്ച് സംസാരിച്ച എയർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു.