അഫ്‌ഗാൻ: ദോഹയിലെ സമാധാന യോഗത്തിൽ പങ്കെടുത്ത് ഇന്ത്യ; പട്ടാള മുന്നേറ്റത്തിലൂടെയുള്ള ഭരണം അനുവദിക്കില്ല
ദോഹ: അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ ഖത്തറിൽ നടന്ന സമാധാന യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. അതിവേഗ വെടിനിർത്തൽ ആഹ്വാനം ചെയ്‌ത യോഗം പട്ടാള ആക്രമണത്തിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ടുള്ള ഒരു സർക്കാരിനെയും അംഗീകരിക്കുകയില്ലെന്നും ആവർത്തിച്ചു. വ്യാഴാഴ്ച ദോഹയിൽ നടന്ന യോഗത്തിൽ ഇന്ത്യ, ഖത്തർ, തുർക്കി, തുർക്ക്മെനിസ്ഥാൻ, താജികിസ്താൻ, നോർവേ, ജർമനി, എന്നീ രാജ്യങ്ങളുടെ സ്‌പെഷ്യൽ എൻവോയ്മാർ പങ്കെടുത്തതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്‌ഗാൻ സർക്കാരും താലിബാനും തമ്മിൽ വിശ്വാസമാർജിക്കാനും രാഷ്ട്രീയമായ സമവായത്തിൽ എത്തിച്ചേരാനും എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കാനും യോഗം ആവശ്യപ്പെട്ടു. സമ്മിശ്ര ഭരണകൂടം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണം തുടങ്ങിയ ആശയങ്ങളും യോഗം മുന്നോട്ട് വച്ചു.
അഫ്‌ഗാനിൽ പട്ടാള ആക്രമണം ഉപയോഗിച്ച് പിടിച്ചെടുക്കുന്ന ഒരു ഭരണവും ഐക്യരാഷ്ട്ര സംഘടനയിലോ ലോകതലത്തിലോ അംഗീകരിക്കപ്പെടരുതെന്നും ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ പുനസ്ഥാപിക്കാനുള്ള ശ്രമം നിരാകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഇന്ത്യ നേരത്തെ സ്വീകരിച്ചു വന്ന നിലപാടുകൾ തന്നെയാണ് ദോഹയിലും ആവർത്തിച്ചത്.
അതേ സമയം അഫ്ഗാനിൽ താലിബാൻ മുന്നേറ്റം തുടരുകയാണ്. 34 ൽ 12 സുപ്രധാന പ്രവിശ്യ കേന്ദ്രങ്ങളും താലിബാൻ ഇതിനോടകം കീഴടക്കിയിട്ടുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളായ കാണ്ഡഹാറും ഹെറാത്തുമാണ് പുതുതായി കീഴടക്കിയത്.