വേനൽചൂടിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്ന നിയമം ലംഘിച്ചു. ഖത്തറിൽ 54 കമ്പനികൾക്ക് പിടി വീണു.
ദോഹ: വേനൽക്കാലത്ത് പകൽ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലെ തൊഴിൽ നിരോധിച്ചു കൊണ്ടുള്ള നിയമം ലംഘിച്ചതിന് 54 കമ്പനികൾക്കെതിരെ നടപടി. തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാതിരുന്നതിനാണ് ഖത്തർ ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം നടപടി സ്വീകരിച്ചത്. ജൂണ് 1 മുതൽ സെപ്റ്റംബർ15 വരെയുള്ള വേനൽക്കാലത്ത് രാവിലെ 10 മുതൽ ഉച്ച തിരിഞ്ഞ് 3:30 വരെ തുറന്ന സ്ഥലങ്ങളിലെ ജോലിയിൽ നിന്ന് തൊഴിലാളികളെ പരിരക്ഷിക്കുന്നതായിരുന്നു നിയമം.
അൽ വക്ര, അൽ വുക്കൈർ, ഉമ്മ് ബഷർ, അൽ ഖ്രൈതിയത്ത്, ഉമ്മ് ക്വാർൺ, ലുസൈൽ, റാവദത്ത് അൽ ഹമാമ, അൽ ഖോർ, ഉനൈസ, ഉമ്മ് സലാൽ, സഖിറ, ദോഹ എന്നിവിടങ്ങളിലായി കരാർ, കെട്ടിട പരിപാലനം, ഗാർഡൻസ്, ഡെക്കറേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് നിയമം ലഘിച്ചതായി കണ്ടെത്തിയത്. മറ്റു പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരും.
കമ്പനികൾ നിയന്ത്രണം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തിന്റെ 16008 എന്ന ഹോട്ട്‌ലൈൻ നമ്പർ വഴിയോ അല്ലെങ്കിൽ https://acmsidentity.adlsa.gov.qa/ar എന്ന ഏകീകൃത ഓണ്ലൈൻ പരാതി പ്ലാറ്റ്ഫോം ലോഗിൻ ചെയ്തോ അറിയിക്കാവുന്നതാണ്.
എല്ലാ സ്ഥാപനങ്ങളും നിയമം കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.