
പ്രവാസികൾക്കിടയിൽ ധാരാളം ആളുകൾ സ്ട്രോക്ക് വന്ന് മരിക്കാറുണ്ട് കൂടാതെ നിരവധി ആളുകൾ ശരീരത്തിന്റെ ഒരു ഭാഗമോ അല്ലെങ്കിൽ മുഴുവനായോ തളർന്ന് വർഷങ്ങളോളം ബെഡിൽ കിടക്കുന്നവരും ഉണ്ട്, നാട്ടിൽ നിങ്ങളുടെ പ്രദേശത്ത് ഒന്ന് കണ്ണോടിച്ചാൽ ഇങ്ങനെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് സ്ട്രോക്ക് വന്ന് ശരീരം തളർന്ന് കിടപ്പിലായി നാട്ടിൽ എത്തിയരെ ധാരാളം കാണാം.
സ്ട്രോക്കിന് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ടതും പ്രവാസികൾക്കിടയിൽ ധാരാളം കാണുന്നതും അനിയന്ത്രിത രക്ത സമ്മർദ്ധം അഥവാ ഉയർന്ന പ്രഷർ ആണ്.
കഴിഞ്ഞ മാസം വർഷങ്ങൾ ആയി പ്രഷർ ഉള്ള എന്നാൽ കൃത്യമായി മരുന്ന് കഴിക്കാത്ത ഒരു പ്രവാസിയോട് പ്രഷർ കൂടിയാൽ ഉള്ള ബുദ്ധിമുട്ടുകളെ കുറിച്ചും ഇവിടുത്തെ ഗവണ്മെന്റ് ആരോഗ്യ സംവിധാനത്തെ കുറിച്ചും പറഞ്ഞ് മനസിലാക്കിക്കൊടുക്കാൻ അവസരം കിട്ടിയിരുന്നു, എന്നാൽ തന്റെ ഖത്തർ ഐഡി യും ഹെൽത്ത് കാർഡും ഡേറ്റ് കഴിഞ്ഞതാണെന്നും ഹോസ്പിറ്റലിൽ പോവാൻ വണ്ടി ഇല്ല,ജോലിഭാരം കൂടുതൽ ആണെന്നും ഉള്ള ഒഴിവ് കിഴിവുകൾ പറഞ്ഞ് ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കിയില്ല, ഹെൽത്ത് കാർഡും ഐഡിയും കഴിഞ്ഞതാണെങ്കിലും BP വളരെ കൂടുതൽ ആണെങ്കിൽ ഹമദ് എമർജൻസിയിൽ കാണിക്കാനുള്ള സൗകര്യവും അവിടെ ഉള്ള ഒരു നഴ്സ് വഴി ചെയ്ത് കൊടുത്തിരുന്നു,

ഈ നഴ്സും ഇദ്ദേഹത്തെ നിരവധി തവണ വിളിച്ച് ഹോസ്പിറ്റലിൽ വരാൻ ആവശ്യപ്പെട്ടിരുന്നു, അവസാനം നിർബന്ധത്തിന് വഴങ്ങി ഇദ്ദേഹം എമർജൻസിയിൽ എത്തി.
ഇദ്ദേഹത്തെ കണ്ട നഴ്സിംഗ് സ്റ്റാഫ് അത്ഭുതപ്പെട്ടു, കാരണം ഇദ്ദേഹത്തിന് നടക്കാൻ ബുദ്ധിമുട്ടുണ്ട്, ശരീരത്തിന്റെ ഒരു സൈഡ് തളർച്ച ഉണ്ട്, BP വളരെ കൂടുതൽ ആണ്, അതായത് സ്ട്രോക്കിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്, ഡോക്ടറുടെ പരിശോധനക്ക് ശേഷം CT സ്‌കാനും MRI ക്കും വിട്ടു, പിന്നീട് റിപ്പോർട്ടിൽ സ്ട്രോക്ക് സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പെട്ടെന്നുള്ള ട്രീറ്റ്മെന്റിന് വേണ്ടി മെഡിക്കൽ വാർഡിലേക്ക് മാറ്റി.
ഈ ഒറ്റ ഉദാഹരണത്തിൽ നിന്ന് എല്ലാം വ്യക്തമല്ലേ… അതേ പ്രഷർ കൂടിയാൽ അതായത്180/120 യോ അതിന് മുകളിലോ ഒക്കെ എത്തിയാൽ തലച്ചോറിലെ രക്തഞ്ഞരമ്പ് പൊട്ടും അത് വഴി തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തന രഹിതമാവും ഇതീനേ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗമോ അല്ലെങ്കിൽ മുഴുവനായോ തളരും,ഇതാണ് സ്ട്രോക്ക്.
പലപ്പോഴും പല രോഗികളിലും BP കൂടുന്നത് അറിയാൻ സാധിക്കില്ല, അതായത് അവർക്ക് തലവേദന തലകറക്കം തുടങ്ങിയ ഒരു ലക്ഷണങ്ങളും ഉണ്ടാവില്ല, ഇത് കൊണ്ടാണ് പ്രഷറിനെ ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കുന്നത്.
ഇങ്ങനെ സ്ട്രോക്ക് വരുന്നവരിൽ മലയാളികൾ ഏറെ കൂടുതൽ ആണെന്നുള്ളതാണ് ദുഃഖകാരമായ വസ്തുതയാണ്,കാരണം എന്തെന്നാൽ കൃത്യമായി മരുന്ന് കഴിക്കില്ല, കൃത്യമായി ഡോക്ടറുടെ അടുത്ത് പോവില്ല, മരുന്നുകൾ തന്നിഷ്ടപ്രകാരം കുറയ്ക്കും, സമൂഹത്തിൽ നിന്ന് ലഭിക്കുന്ന യാതൊരു അടിസ്ഥാനവും ഇല്ലാത്ത നിർദേശങ്ങൾ സ്വീകരിക്കും.
അതിനാൽ ഡോക്ടർ നിങ്ങൾക്ക് BP ഉണ്ടെന്ന് സ്ഥിതീകരിച്ചാൽ ദയവായി മരുന്നുകൾ കൃത്യമായി കഴിക്കുക, അപ്പോയ്ന്റ്മെന്റ് കൃത്യമായി ഫോളോ ചെയ്യുക,ഇടക്ക് പ്രഷർ ചെക്ക് ചെയ്ത് നോർമൽ ആണെന്ന് ഉറപ്പ് വരുത്തുക,ആരോഗ്യ കാര്യങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ അല്ലാതെ മാറ്റാരുടെയും നിർദേശങ്ങൾ സ്വീകരിക്കാതിരിക്കുക.
തന്റെ ആരോഗ്യം സംരക്ഷിക്കാൻ താൻ തന്നെയാണ് പരിശ്രമിക്കേണ്ടത് എന്നും ജോലി ചെയ്ത് പണം സമ്പാധിക്കണമെങ്കിൽ ആരോഗ്യം കൂടിയേ തീരൂ എന്ന തിരിച്ചറിവും ആണ് എല്ലാ പ്രവാസികൾക്കും വേണ്ടത്. ആരോഗ്യമാണ് പ്രധാനം.
Written by Nizar Cheruvath
Public Health Promoter – Qatar
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r