കർവ ടെക്നോളജീസ് ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് കുറഞ്ഞ നിരക്കിലുള്ള പുതിയ ‘കർവ-ഫോക്സ്’ ടാക്സി സർവീസ് പ്രഖ്യാപിച്ചു.
കർവ ടാക്സി ആപ്പ് വഴി ബഡ്ജറ്റ് നിരക്കിൽ യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കും. ഫോക്സ് ട്രാൻസ്പോർട്ട് ഫ്ലീറ്റിന്റെ കീഴിലുള്ള 2,000-ലധികം അധിക വാഹനങ്ങൾ സംരംഭത്തിൽ പങ്കുചേരും.
പ്രൊഫഷണൽ ഡ്രൈവർമാരുടെ ഒരു ടീമാണ് സംരംഭത്തെ നയിക്കുക. അവർക്ക് ന്യായമായ തൊഴിൽ സാഹചര്യങ്ങൾ, നിരന്തര പരിശീലനങ്ങൾ, ഒരു ഫുൾ സപോർട്ടിംഗ് ടീം എന്നിവ ലഭ്യമാക്കും.
റൈഡിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട്, കുറഞ്ഞ തുകയിൽ വിശ്വസനീയമായ ഗതാഗതവും ഉപഭോക്താക്കളുടെ ആവശ്യങ്ങളും നിറവേറ്റുന്നതിനാണ് പുതിയ എക്കണോമി സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ട്രിപ്പ് ട്രാക്കിംഗ്, ആപ്പ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ആപ്പിൾ, ഗൂഗിൾ പേ എന്നിവയിലൂടെ സൗകര്യപ്രദമായ പണരഹിത പേയ്മെന്റ് തുടങ്ങിയവയും ലഭ്യമാവും. കർവ ടാക്സി ആപ്പ് വഴിയാണ് ഉപഭോക്താക്കൾ പുതിയ ‘കർവ-ഫോക്സ്’ സേവനം ഓർഡർ നൽകേണ്ടത്.
“ഫോക്സ് ട്രാൻസ്പോർട്ടുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, വലിയൊരു വിഭാഗം യാത്രക്കാർക്ക് ഞങ്ങൾ സേവനം നൽകും. സുരക്ഷ, വൃത്തി, 24/7 ഉപഭോക്തൃ പിന്തുണ എന്നിവയുടെ കാര്യത്തിൽ എല്ലാ വാഹനങ്ങളും കർവ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. ഖത്തർ നാഷണൽ വിഷൻ 2030 ന് അനുസൃതമായി പങ്കിട്ട ഗതാഗത മോഡലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര ഗതാഗതം കൈവരിക്കുന്നതിനും ഇത്തരം പങ്കാളിത്തങ്ങൾ സഹായിക്കുന്നു,” കർവ ടെക്നോളജീസ് ചെയർമാൻ അഹമ്മദ് അൽ മുഫ്ത പറഞ്ഞു.