ഖത്തറിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ കാണാതായതായി പരാതി
സംസ്ഥാനത്ത് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മറ്റൊരു പ്രവാസിയെ കൂടി കാണാതായതായി പരാതി. കോഴിക്കോട് വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെയാണ് ഒന്നരമാസമായി കാണാതായത്. ഖത്തറിൽ നിന്നെത്തിയ ജാതിയേരി കോമ്പിമുക്കിലെ വാതുക്കല് പറമ്പത്ത് റിജേഷ് (35) നെ പറ്റിയാണ് വീട്ടുകാർക്ക് വിവരമില്ലാത്തത്.
വളയം പൊലീസിൽ റിജേഷിന്റെ സഹോദരൻ പരാതിയിൽ കേസെടുത്തു. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന് രാജേഷ് വ്യക്തമാക്കി. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ അറിയിച്ചു.
അവസാനമായി ജൂണ്‍ പത്തിനാണ് യുവാവ് ടെലിഫോണ്‍ വഴി ബന്ധുക്കളുമായി സംസാരിച്ചത്. ജൂണ്‍ 16 ന് നാട്ടിലെത്തുമെന്നാണ് റിജേഷ് വീട്ടുകാരെ അറിയിച്ചത്. റിജേഷ് നാട്ടിലേക്ക് തിരിച്ചതായി ഖത്തറിലെ സുഹൃത്തുക്കളും പറയുന്നു.
എന്നാൽ ജൂണ്‍ 15 ന് ഇയാൾ നാട്ടിലെത്തിയതായും അവന്റെ കയ്യിൽ കൊടുത്തുവിട്ട സാധനം ഇത് വരെ കിട്ടിയില്ലെന്നും ആരോപിച്ചു ഭീഷണി കാളുകൾ വന്നു. അന്നും തുടർന്നുള്ള ദിവസങ്ങളിലും ഇയാളെ അന്വേഷിച്ചു ചിലർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. എന്നാൽ റിജേഷിനെ കുറിച്ച് ഒരു വിവരവും ലഭ്യമായില്ലെന്ന് വീട്ടുകാർ പറയുന്നു.
സംസ്ഥാനത്ത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവാസി യുവാക്കളുടെ തട്ടിക്കൊണ്ടു പോകൽ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് സംഭവം ആശങ്കയേറ്റുന്നത്. പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്ണക്കടത്തുകാര് തട്ടിക്കൊണ്ടുപോയ പശ്ചാത്തലത്തിലുമാണ് സഹോദരൻ പോലീസിൽ പരാതി നൽകിയത്.