ദോഹ: 38 കാർഷിക-ഭക്ഷണ സ്റ്റാളുകൾ പങ്കെടുക്കുന്ന മഹാസീൽ ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന് കത്താറയുടെ സൗത്ത് ഏരിയയിൽ ഇന്ന് തുടങ്ങി.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പിന്റെ സഹകരണത്തോടെ കത്താറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി.
മാർച്ച് 12 വരെ എല്ലാ ദിവസവും നടക്കുന്ന പരിപാടി, തുടർന്ന് മെയ് 15 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 9 വരെ തുടരും.
ഖത്തരി കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും മികച്ച വിളകളും പുത്തൻ ഖത്തരി കാർഷിക ഉൽപന്നങ്ങളും ദേശീയ ഫാമുകളുടെ വിളവും എന്നിവയ്‌ക്ക് പുറമെ ആട്, കോഴി, പക്ഷികൾ, ഫാമിംഗ്, നഴ്സറികൾ, പൂക്കൾ, അലങ്കാര സസ്യങ്ങൾ മുതലായവയുടെയും ഒരു മികച്ച വിപണന വേദിയാണ് മഹാസീൽ ഉത്സവം.
ഭക്ഷ്യ ഉൽപ്പാദനത്തിൽ വൈദഗ്ധ്യമുള്ള ഒരു കൂട്ടം പ്രമുഖ ദേശീയ കമ്പനികളുടെയും ഖത്തരി ഫാമുകളുടെയും നഴ്സറികളുടെയും പങ്കാളിത്തമാണ് മഹാസീൽ മേളയുടെ പ്രത്യേകത.
വർഷങ്ങളായി, ഖത്തരി ഫാമുകളെയും കാർഷിക ഉൽപാദനത്തിൽ തല്പരരായ ജനങ്ങളെയും ആകർഷിച്ചുകൊണ്ട് മഹാസീൽ ഫെസ്റ്റിവൽ മികച്ച സ്വീകാര്യതയാണ് കൈവരിക്കുന്നത്.