ദോഹ: രാജ്യത്തെ മൂന്നാം കോവിഡ് തരംഗത്തെ നേരിടാൻ, 2022 ജനുവരി 8 ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാന തീരുമാനങ്ങളും നിയന്ത്രണങ്ങളും താഴെ പറയുന്നു:
- എല്ലാ ജീവനക്കാരെയും പൊതു-സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് തന്നെ ജോലി ചെയ്യാൻ അനുവദിക്കുന്നത് തുടരും. മീറ്റിങ്ങുകളിൽ വാക്സീൻ സ്വീകരിച്ച 15 പേർ മാത്രം.
- പൊതുമേഖലയിലും സ്വകാര്യമേഖലയിലും വാക്‌സിൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാരും തൊഴിലാളികളും ആഴ്‌ചയിലൊരിക്കൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കിയതോ, കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ജീവനക്കാരും തൊഴിലാളികളും പരിശോധന നടത്തേണ്ടതില്ല.
- തുറസ്സായ സ്ഥലങ്ങളിൽ സ്പോർട്സ് പരിശീലിക്കുന്ന ആളുകൾ ഒഴികെ, തുറന്നതും അടച്ചതുമായ എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുക.
- ഇഹ്തിരാസ് ഉപയോഗം നിർബന്ധം.
- മസ്ജിദുകളിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നിർത്തലാക്കി. ബാക്കിയുള്ളവർക്ക് നിബന്ധനകൾ പ്രകാരം പള്ളികളിൽ എത്താം.
- വീടുകളിലും മജ്‌ലിസുകളിലും ഒത്തു ചേരുന്നത് അടഞ്ഞ ഇടങ്ങളിൽ വാക്സീൻ സ്വീകരിച്ച 10 പേരും തുറന്ന ഇടങ്ങളിൽ വാക്സീൻ സ്വീകരിച്ച 15 പേരും മാത്രം (ഒരേ വീട്ടുകാർക്ക് ബാധകമല്ല)
- വാക്‌സിനേഷൻ എടുത്ത പരമാവധി 40 പേർക്ക് മാത്രം ഹോട്ടലുകളിലും ഇൻഡോർ കല്യാണ മണ്ഡപങ്ങളിലും വിവാഹ പാർട്ടികൾ നടത്താം. തുറന്ന വിവാഹ ഹാളുകളിൽ, പരമാവധി 80 പേർ വരെ ഉൾപ്പെടുന്ന ആകെ ശേഷിയുടെ 50% ആളുകളെ അനുവദിക്കും.
- വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രം (ഒരേ വീട്ടുകാർക്ക് ബാധകമല്ല)
- പൊതുഗതാഗതത്തിൽ 60% ശേഷിയിൽ മാത്രം പ്രവർത്തനം. പുകവലി, ഭക്ഷ്യപാനീയങ്ങൾ അനുവദിക്കില്ല.
- തിയേറ്ററുകളിൽ ശേഷി 50% ആക്കി.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു ഹാളിന്റെ ആകെ ശേഷിയുടെ 50% പേർ, അല്ലെങ്കിൽ പരമാവധി 50 പേർ മാത്രം.
- ക്ളീൻ ഖത്തർ സർട്ടിഫിക്കറ്റ് ഉള്ള ഓപ്പൺ റസ്റ്ററന്റുകളിൽ പ്രവേശനം 75%, ആരോഗ്യമന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിക്കുന്ന മറ്റു ഭക്ഷണശാലകൾക്ക് 50% ശേഷിയിലും പ്രവർത്തിക്കാം. ഇവ തന്നെ ക്ളോസ്ഡ് ഭക്ഷണ ശാലകൾ ആണെങ്കിൽ, അനുവദനീയ പരിധി യഥാക്രമം, 50, 30 ശതമാനം മാത്രം.
ഇവ കൂടാതെ, പ്രധാന പൊതു ഇടങ്ങളിൽ എല്ലാം ഇൻഡോർ, ഔട്ട് ഡോർ മേഖലയെ അടിസ്ഥാനമാക്കി പ്രവേശന പരിധിയിൽ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഈ മേഖലകളിൽ എല്ലാം ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്. നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ നിലവിൽ വരും.