999-ലേക്ക് വരുന്ന 85 ശതമാനം കോളുകളും അനാവശ്യം; വിളിക്കേണ്ടത് എപ്പോഴൊക്കെ?
ദോഹ: ദേശീയ കമാൻഡ് സെന്ററിലെ 999 എമർജൻസി സർവീസിന് ലഭിക്കുന്ന കോളുകളിൽ 80 മുതൽ 85 ശതമാനം വരെയും അനാവശ്യവും ചെറിയ ട്രാഫിക് അപകടങ്ങളോ ചില വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ടവയോ മാത്രമാണെന്ന് റിപ്പോർട്ട്. ഖത്തർ റേഡിയോയോട് സംസാരിക്കവെ നാഷണൽ കമാൻഡ് സെന്ററിൽ നിന്നുള്ള സെക്കൻഡ് ലെഫ്റ്റനന്റ് അഹമ്മദ് അൽ മുതവയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കുട്ടികൾക്ക് പരിക്കുകൾ, തീപിടുത്തം, മുങ്ങിമരണം, അല്ലെങ്കിൽ അടഞ്ഞ ഇടങ്ങളിൽ കുടുങ്ങുക പോലുള്ള ഉടനടി ഇടപെടൽ ആവശ്യമായ അടിയന്തര സന്ദർഭങ്ങളിൽ മാത്രമേ ഈ നമ്പറിൽ ആളുകൾ വിളിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു.
കോളുകളോട് ആദ്യം പ്രതികരിക്കുന്നത് എമർജൻസി സർവീസാണെന്നും അവ തരംതിരിച്ച് ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് അയക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.
കേന്ദ്രത്തിൽ മിലിട്ടറി, സിവിൽ കേഡറുകളിൽ നിന്നുള്ള ജീവനക്കാരുണ്ടെന്നും അവർക്ക് ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, ഫിലിപ്പിനോ, പേർഷ്യൻ, പാഷ്തോ, ടർക്കിഷ് തുടങ്ങി നിരവധി ഭാഷകളിൽ വിവർത്തകരുണ്ടെന്നും അൽ മുതവ വിശദീകരിച്ചു.
അറബ് കപ്പിലെ സുരക്ഷാ റിപ്പോർട്ടുകളുടെ നിരക്ക് വളരെ കുറവാണെന്ന് പബ്ലിക് ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ മെട്രോ സ്റ്റേഷൻ സെക്യൂരിറ്റി വിഭാഗം മേധാവി ക്യാപ്റ്റൻ ഫദൽ മുബാറക് അൽ-ഖാതർ പറഞ്ഞു.