ഫിഫ അറബ് കപ്പിന്റെ ഭാഗമായി കോർണിഷ് സ്ട്രീറ്റ് ഇരുദിശകളും അടച്ചിടും
ദോഹ: സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) യുടെ നേതൃത്വത്തിൽ, ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’, ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുമായി സഹകരിച്ച് കോർണിഷ് സ്ട്രീറ്റിന്റെ ഇരു ദിശകളിലേയും ഗതാഗതം നവംബർ 26 മുതൽ ഡിസംബർ 4 വരെ അടക്കും. നൽകിയിരിക്കുന്ന മാപ്പ് പ്രകാരമാണ് അടച്ചിടൽ നിലവിൽ വരിക.
ഖത്തർ ആതിഥേയത്വമരുളുന്ന പ്രഥമ ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ചാണ് അടച്ചിടൽ നടപടി. ഖത്തർ ടൂറിസവുമായി സഹകരിച്ച്, ടൂർണമെന്റിന്റെ ഭാഗമായി ഭാഗമായി 11-ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള ഉൾപ്പെടെ നിരവധി ഫാൻ പരിപാടികൾ കോർണിഷിൽ നടക്കുന്നുണ്ട്. അടച്ചുപൂട്ടുന്ന കാലയളവിൽ അഷ്ഗലിന്റെ നിർമ്മാണ പ്രവർത്തനങ്ങളും മേഖലയിൽ നടക്കും.
അതേസമയം ഇക്കാലയളവിൽ ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിടാൻ ഖത്തർ റെയിൽ, മൊവാസലാത്ത് (കർവ) എന്നിവയിലൂടെ ലഭ്യമായ ബദൽ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ യാത്രക്കാരോട് നിർദ്ദേശിക്കുന്നതായി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും അടുത്ത ആഴ്ചയോടെ അറിയിക്കും.