ഖത്തർ യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥികളും കോഴ്സുകളും ഇരട്ടിയായി; അഡ്മിഷൻ സംശയങ്ങൾക്കായി ‘ഓപ്പൺ ഡേ’
ഖത്തർ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും കഴിഞ്ഞ 3 വർഷത്തിനുള്ളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായി റിപ്പോർട്ട്. വിവിധ കോളേജുകളിലായി 60 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ യൂണിവേഴ്സിറ്റി നിലവിൽ നൽകുന്നുണ്ട്. 3 വർഷം മുൻപ് 32 ഉണ്ടായിരുനിടത്താണിത്. വിദ്യാർത്ഥികളുടെ എണ്ണമാകട്ടെ, 3 വര്‍ഷത്തേക്കാൾ ഇരട്ടിച്ച് 1900 ന് മുകളിൽ എത്തിയിട്ടുണ്ട്.
കോഴ്സുകളുടെ നിലവാരത്തിലും പ്രതികരണത്തിലും എല്ലാം വൻ മികവാണ് ഉണ്ടായിട്ടുള്ളത്. എല്ലാ ഡോക്ടറൽ പ്രോഗ്രാമുകളും നിലവിൽ കൂടുതൽ ഗവേഷണ കേന്ദ്രീകൃതമായി ‘റിസർച്ച് ഡോക്ടറൽ’ എന്ന തലത്തിലേക്ക് മാറ്റിയിട്ടുണ്ട്. സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയാണ് യൂണിവേഴ്സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ കോഴ്സുകൾ.
ഖത്തർ യൂണിവേഴ്സിറ്റിയിൽ പുതുതായി ബിരുദ കോഴ്സുകളിലേക്ക് എൻറോൾമെന്റ് ആഗ്രഹിക്കുന്നവർക്കായി സെപ്റ്റംബർ 13 മുതൽ 15 വരെ പരിചയപ്പെടുത്തലിനും സംശയനിവാരണത്തിനുമായി ‘ഓപ്പൺ ഡേ’ സംഘടിപ്പിക്കുന്നതായി യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്റ്റഡീസ് ഡീൻ ഡോ. അഹമ്മദ് അൽ ഔൺ അറിയിച്ചു. യൂണിവേഴ്സിറ്റിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചടങ്ങ് തത്സമയം കാണാനും സാധിക്കും. പ്രതിദിനം 300 വിദ്യാർത്ഥികൾ എങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.