ദോഹ: പ്രതിരോധശേഷി കുറഞ്ഞ രോഗാവസ്ഥയിലുള്ളവർക്ക് കോവിഡ് വാക്സീൻ മൂന്നാം ഡോസ് നൽകാൻ ഖത്തർ മന്ത്രിസഭ അനുമതി നൽകി. അമേരിക്കയിലെ എഫ്ഡിഎ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ) യും സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷനും മൂന്നാം ഡോസ് വാക്സീന് അംഗീകാരം നൽകിയ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ അനുമതി. കടുത്ത ഇമ്യുണോഡഫിഷ്യൻസി അസുഖങ്ങൾ ഉള്ളവർക്കായിരിക്കും ഖത്തറിൽ മൂന്നാമത് ഡോസ് വാക്സീൻ കൂടി നൽകുക. ആദ്യ രണ്ട് ഡോസ് വാക്സീനുകൾ ഇവർക്ക് മതിയായ കോവിഡ് പ്രതിരോധ ശേഷി നൽകിയേക്കില്ല എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഇവരിലെ ഗുരുതര രോഗസാധ്യത തടയാനാണ് മൂന്നാം ഡോസ് അനുവദിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മൂന്നാം ഡോസ് ലഭിക്കുന്ന വിഭാഗങ്ങൾ:
-ബ്ലഡ് ക്യാൻസറിനോ ട്യൂമറിനോ ചികിത്സ തേടുന്നവർ
–അവയവമാറ്റത്തിന് ശേഷം പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കേണ്ടതായി വരുന്നവർ
-കഴിഞ്ഞ 2 വർഷത്തിനുള്ളിൽ സ്റ്റം സെൽ മാറ്റിവെക്കലിന് വിധേയമായവർ, ഇമ്യൂണോ സപ്പ്രസീവ് മരുന്നുകൾ കഴിക്കുന്നവർ
-മിതമായതോ കടുത്തതോ ആയ പ്രാഥമിക ഇമ്യുണോഡിഫിഷ്യൻസി അസുഖമുള്ളവർ (ഡിജോർജ്ജ് സിൻഡ്രോം, വിസ്കോട്ട്-അൽഡ്രിച്ച് സിൻഡ്രോം തുടങ്ങിയവ)
-ഗുരുതരനിലയിലുള്ളതോ ചികിത്സിക്കാത്തതോ ആയ എച്ച്ഐവി ബാധിതർ
-നിലവിൽ ഉയർന്ന അളവിൽ കോർട്ടികോസ്റ്റീറോയിഡുകൾ അല്ലെങ്കിൽ ട്യൂമർ നെക്രോസിസ് ഫാക്ടർ (ടിഎൻഎഫ്) ബ്ലോക്കറുകൾ, മറ്റ് രോഗപ്രതിരോധ ശേഷി അല്ലെങ്കിൽ ഇമ്മ്യൂണോമോഡുലേറ്ററി ബയോളജിക്കൽ ഏജന്റുകൾ പോലുള്ള രോഗപ്രതിരോധശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ.
– അസ്പ്ലെനിയ, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ ദീർഘകാല രോഗാവസ്ഥയിലുള്ളവർ.