
ദോഹ: ഖത്തറിലെ പ്രമുഖ പൈതൃക കായിക മാമാങ്കമായ 15-ാമത് അൽ ഗലായേൽ ട്രെഡിഷണൽ ഹണ്ടിങ് ചാമ്പ്യൻഷിപ്പിനുള്ള (2026) ടീമുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ – കത്താറയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകളെ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. സോഷ്യൽ ആൻഡ് സ്പോർട്ട് കോൺട്രിബ്യൂഷൻ ഫണ്ടിന്റെ (Daam) പിന്തുണയോടെ ജനുവരി 22 മുതൽ ഫെബ്രുവരി 12 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുക.
ഗ്രൂപ്പ് ഘടന
നാല് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ടീമുകൾ ഇവയാണ്:
🔸 ഗ്രൂപ്പ് 1: അൽ റയ്യാൻ, സുഹൈൽ, ഷമൻ, അൽ അസില.
🔸 ഗ്രൂപ്പ് 2: അൽ നക്ഷ്, അൽ സദ്ദ്, ലജ്ലഅ്, ദുഖാൻ.
🔸 ഗ്രൂപ്പ് 3: ഹലൂൽ, അൽ സുലൈമി, അൽ അദീദ്, അൽ സഈം.
🔸 ഗ്രൂപ്പ് 4: അൽ ഹുസൈൻ, അൽ ജുറയാൻ, അൽ ഷഖബ്, അൽ തൂഫാൻ.
പ്രധാന ടീമുകൾക്ക് പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ പകരമായി ‘അൽ തഹദി’ ടീമിനെ റിസർവ് ടീമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സമ്മാനത്തുക
ഓരോ ഗ്രൂപ്പിലെയും വിജയികൾ ഫൈനലിൽ കിരീടത്തിനായി മത്സരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10 ലക്ഷം ഖത്തർ റിയാലാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 7 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാർക്ക് 5 ലക്ഷം റിയാലും ലഭിക്കും.
പരമ്പരാഗത വേട്ടയാടൽ രീതികളെ സംരക്ഷിക്കുന്നതിനും യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുന്നതിനുമായാണ് ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഖത്തറിന്റെ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കായിക പരിപാടികളിലൊന്നായി അൽ ഗലായേൽ ചാമ്പ്യൻഷിപ്പ് ഇതിനോടകം മാറിയിട്ടുണ്ട്.




