HealthQatar

ഖത്തറിൽ ഇന്ത്യക്കാർ ഉൾപ്പെടെ ഉള്ള ചെറുപ്പക്കാരിൽ വിറ്റാമിൻ ഡി അളവ് ഗുരുതരമാം വിധം കുറവ്

ഖത്തറിലെ കുട്ടികളിലും കൗമാരക്കാരിലും വിറ്റാമിൻ ഡി കുറവ് ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമായി മാറുന്നതായി പുതിയ പഠനം. Qatar Medical Journal-ന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് കൗമാരപ്രായത്തിലുള്ള കുട്ടികളിൽ, അതിലും കൂടുതലായി പെൺകുട്ടികളിലാണ് വിറ്റാമിൻ ഡി കുറവ്  കണ്ടെത്തിയിരിക്കുന്നത്.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ ഒരു വർഷത്തിനിടെ ചികിത്സ തേടിയ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും ഏകദേശം 49,000 ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഖത്തറിലെ ബാലജനസംഖ്യയിൽ വിറ്റാമിൻ ഡി നില പരിശോധിക്കുന്നതിൽ ഏറ്റവും വലിയ ജനസംഖ്യാധിഷ്ഠിത പഠനങ്ങളിലൊന്നാണിത്.

പഠനഫലങ്ങൾ പ്രകാരം, ശിശുക്കളിൽ ഗുരുതരമായ വിറ്റാമിൻ ഡി കുറവ് താരതമ്യേന കുറവായിരുന്നുവെങ്കിലും പ്രായം കൂടുന്തോറും ഇത് കുത്തനെ ഉയരുന്നതായി കണ്ടെത്തി. ഒരു വയസ്സിന് താഴെയുള്ള ശിശുക്കളിൽ 3.8 ശതമാനവും, ഒരു മുതൽ നാല് വയസ് വരെയുള്ള കുട്ടികളിൽ 3.4 ശതമാനവും മാത്രമാണ് ഗുരുതരമായ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ 10 മുതൽ 17 വയസ് വരെയുള്ള കൗമാരക്കാരിൽ 40 ശതമാനം പേർക്ക് ഗുരുതരമായ വിറ്റാമിൻ ഡി കുറവ് കണ്ടെത്തി. രക്തത്തിലെ വിറ്റാമിൻ ഡി അളവ് 10 ng/mL-നു താഴെയായതിനെയാണ് ഗുരുതര കുറവായി കണക്കാക്കിയത്.

ലിംഗവ്യത്യാസവും പഠനത്തിൽ വ്യക്തമായി പ്രകടമായി. പെൺകുട്ടികളിൽ 30.4 ശതമാനത്തിന് ഗുരുതര കുറവ് ഉണ്ടായപ്പോൾ, ആൺകുട്ടികളിൽ ഇത് 15.3 ശതമാനമായിരുന്നു. ദേശീയതയും വലിയ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തി.  ഇന്ത്യ ഉൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളേക്കാൾ വളരെ ഉയർന്ന അപകടസാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

വിശകലനത്തിൽ പ്രായം, ലിംഗം, ദേശീയത, അമിതവണ്ണം എന്നിവയെ ഗുരുതര വിറ്റാമിൻ ഡി കുറവിന്റെ പ്രധാന കാരണങ്ങളായി തിരിച്ചറിഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, കൗമാരക്കാർക്ക് 17 മടങ്ങ് കൂടുതൽ അപകടസാധ്യതയുണ്ട്. പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ 2.4 മടങ്ങ് അധികവും, ദക്ഷിണേഷ്യൻ വംശജരായ കുട്ടികൾക്ക് 5.7 മടങ്ങ് അധികവും അപകടസാധ്യതയുണ്ടെന്ന് പഠനം പറയുന്നു. അമിതവണ്ണമുള്ള കുട്ടികളും കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിലാണ്.

സൂര്യപ്രകാശം ധാരാളമുള്ള രാജ്യമാണെങ്കിലും, പുറത്തുപോകുന്ന സമയം കുറയുന്നത്, സാംസ്കാരിക രീതികൾ, ഭക്ഷണശീലങ്ങൾ, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളാണ് കുട്ടികളിലും കൗമാരക്കാരിലും വിറ്റാമിൻ ഡി കുറവിന് കാരണമാകുന്നതെന്ന് ഗവേഷകർ വിലയിരുത്തുന്നു.

എല്ലുകളുടെ ആരോഗ്യം, പ്രതിരോധശേഷി, ശരീരവളർച്ച എന്നിവയ്ക്ക് വിറ്റാമിൻ ഡി അനിവാര്യമാണ്. കുട്ടികളിൽ ഗുരുതരമായ കുറവ് റിക്കറ്റ്സ്, എല്ലുകളുടെ ബലക്ഷയം, ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഖത്തറിൽ വിറ്റാമിൻ ഡി കുറവ് കുറയ്ക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴും ഏകദേശം മൂന്നിൽ ഒന്ന് ഭാഗം കുട്ടികളും കൗമാരക്കാരും വിറ്റാമിൻ ഡി കുറവോ ഗുരുതര കുറവോ അനുഭവിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളെ ലക്ഷ്യമാക്കി അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൗമാരക്കാർ, പെൺകുട്ടികൾ, ചില പ്രത്യേക ജനവിഭാഗങ്ങൾ എന്നിവർക്കായി ശക്തമായ പരിശോധന, സപ്ലിമെന്റേഷൻ പദ്ധതികൾ, ഭക്ഷ്യ ഫോർട്ടിഫിക്കേഷൻ, ബോധവത്കരണ ക്യാമ്പയിനുകൾ എന്നിവ നടപ്പാക്കണമെന്നും പഠനം ശുപാർശ ചെയ്യുന്നു. സ്കൂളുകളിൽ ക്രമബദ്ധമായ ഔട്ട്‌ഡോർ പ്രവർത്തനങ്ങളും സുരക്ഷിതമായ സൂര്യപ്രകാശ സമ്പർക്കവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടുന്നു.

ഈ കണ്ടെത്തലുകൾ ഖത്തറിലെ ഭാവി ആരോഗ്യനയങ്ങൾ രൂപപ്പെടുത്തുന്നതിനും പ്രൈമറി ഹെൽത്ത് കെയർ തലത്തിലെ പരിശോധന, ചികിത്സാ മാർഗനിർദേശങ്ങൾ പുനപരിശോധിക്കുന്നതിനും സഹായകരമാകുമെന്ന് ഗവേഷകർ അറിയിച്ചു.

Related Articles

Back to top button