
മലയാള നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ അന്തരിച്ചു. മലയാള സിനിമയുടെ സാമൂഹിക ആക്ഷേപ ഹാസ്യത്തിൻ്റെ മുഖമായി മാറിയ അദ്ദേഹം വിടവാങ്ങുന്നതോടെ ഗൗരവ നർമ്മത്തിൻ്റെ ഒരു യുഗമാണ് അവസാനിക്കുന്നത്.
ഗൾഫ് കുടിയേറ്റ ജീവിതത്തിന്റെ സിനിമാറ്റിക് പരിഹാസം
ഗൾഫ് കുടിയേറ്റവും പ്രവാസജീവിതവും മലയാള സിനിമയിൽ യാഥാർഥ്യബോധത്തോടെ അവതരിപ്പിച്ച അപൂർവ കലാകാരനായിരുന്നു ശ്രീനിവാസൻ. കുടിയേറ്റ സ്വപ്നങ്ങളുടെ പുറംചമച്ച നിറങ്ങൾക്കപ്പുറം, അതിന്റെ ഉള്ളിലെ വേദനയും ത്യാഗങ്ങളും അദ്ദേഹത്തിന്റെ രചനകളും കഥാപാത്രങ്ങളും ആക്ഷേപ ഹാസ്യ ചാരുതയിൽ തുറന്നുകാട്ടി. ഗൾഫ് പ്രമേയമായ പല സിനിമകളിലും രചയിതാവായൊ നടനായോ ശ്രീനിവാസൻ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
‘നാടോടിക്കാറ്റിലെ’ സ്വപ്നവും ‘വരവേൽപ്പിലെ’ ത്യാഗവും
നാടോടിക്കാറ്റിൽ ഗൾഫ് എന്ന സ്വപ്നത്തോടെ മദിരാശിയിൽ എത്തിപ്പെടുന്ന ദാസനെയും വിജയനെയും മലയാളികൾ ഒരിക്കലും മറക്കില്ല. എന്നാൽ തൊട്ടടുത്ത വർഷം ശ്രീനിവാസൻ എഴുതിയ വരവേൽപ്പിലാണ് മലയാളിയുടെ ഗൾഫ് ജീവിതത്തിന്റെ റിയലിസ്റ്റിക് മുഖം തുറന്നു കാട്ടിയത്. മോഹൻലാൽ അഭിനയിച്ച മുരളി എന്ന കഥാപാത്രം പ്രവാസ ജീവിതത്തിന്റെ പണം കൊണ്ട് ഗൾഫ് മോട്ടോഴ്സ് എന്ന ബസ് വാങ്ങി സംരംഭം ആരംഭിക്കുന്നതും അയാളുടെ കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും കറവപശു ആകേണ്ടി വരുന്നതും ഒടുവിൽ പരാജയപ്പെട്ട് ഗൾഫിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്നതും കാണിക്കുന്ന ചിത്രം പ്രവാസി യുവാക്കളുടെ പ്രതീകം പോലെ ഇന്നും നിലകൊള്ളുന്നു.
അക്കാലം ഗൾഫുകാരന് ലഭിച്ച സാമൂഹ്യ സ്വീകാര്യത പൊന്മുട്ടയിടുന്ന താറാവിലെ ജയറാം അഭിനയിച്ച കഥാപാത്രത്തിൽ കാണാം. ഗൾഫ് പൊങ്ങച്ചങ്ങൾ പല സിനിമകളിലും പരിഹാസം ആകുമ്പോഴും പ്രവാസികളുടെ ജീവിതത്തിലെ പൊള്ളയായ ഇരുണ്ട വശം കാണിക്കാതിരിക്കാൻ ശ്രീനിവാസൻ മറന്നില്ല.
മലയാളി ഗ്രാമീണന്റെ “അറബിക്കഥ”
ഗൾഫിൽ എത്തിപ്പെട്ട മലയാളിയുടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും കഥയായിരുന്നു ശ്രീനിവാസൻ അഭിനയിച്ച “അറബിക്കഥ.” രാഷ്ട്രീയ പരിഹാസം ആകുമ്പോഴും അറബിക്കഥ മലയാളി പ്രവാസികളുടെ പൊള്ളുന്ന തൊഴിലാളി ജീവിതത്തിന്റെ നേർക്കാഴ്ച ആദ്യമായി തുറന്നുകാട്ടിയ ചിത്രമായി തുടരുന്നു. നാട്ടിൽ തൊഴിൽ ചെയ്യാൻ മടിയുള്ള ക്യൂബ മുകുന്ദൻ ഗൾഫിൽ കഠിനാധ്വാനിയായി മാറുന്നത് പല മലയാളികൾക്കുമുള്ള ആത്മവിമർശനം കൂടിയായി.
‘പത്തേമാരി’യും ആദ്യ തലമുറ പ്രവാസികളുടെ ജീവിതവും
‘പത്തേമാരി’യിൽ ആദ്യ തലമുറ ഗൾഫ് പ്രവാസിയായി ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം സിനിമയിൽ മമ്മൂട്ടി അഭിനയിച്ച നായകനായ പള്ളിക്കൽ നാരായണനെ പോലെ ആയിരക്കണക്കിന് പേരുടെ ജീവിതസത്യങ്ങളുടെ പ്രതിനിധിയായിരുന്നു. ജീവിതോപാധിക്കായി നാട് വിട്ട് അന്യദേശങ്ങളിൽ പൊരുതിയവരുടെ നിശ്ശബ്ദ ത്യാഗങ്ങൾക്ക് സമർപ്പണമായിരുന്നു ആ പ്രകടനങ്ങൾ. മലയാളത്തിൽ പ്രവാസ ജീവിതം ആദ്യമായി പ്രമേയമാക്കിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലും ശ്രീനിവാസൻ ഉണ്ട്.
തലമുറകളിലൂടെ കുടിയേറ്റ സ്വപ്നങ്ങൾ
പുതുതലമുറ പ്രവാസി യുവാക്കളുടെ ആഡംബരത്തിന്റെ കഥ പറഞ്ഞ “ഡയമണ്ട്സ് നേക്ലെസ്” എന്ന ചിത്രത്തിലും ശ്രീനിവാസൻ ഉണ്ട്. ഇതിലെ ബുർജ് ഖലീഫ കാണാൻ പോകുന്ന വേണുവേട്ടൻ എന്ന മധ്യവയസ്കനായ പ്രവാസിയെ മലയാളികൾ മറക്കില്ല.
ഏറ്റവും ഒടുവിൽ ശ്രീനി എഴുതിയ തിരക്കഥകളിൽ ഒന്നായ ഞാൻ പ്രകാശനിൽ, ഫഹദ് ഫാസിലിൻ്റെ കഥാപാത്രം ജർമ്മനിയിലേക്ക് കുടിയേറുന്നത് സ്വപ്നം കാണുന്നു. അവസരം തേടി കേരളം വിടാനുള്ള ത്വര എങ്ങനെ തലമുറകളിൽ തുടരുന്നു എന്നത് ശ്രീനിവാസൻ്റെ ആഖ്യാന പ്രപഞ്ചത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു ആശയമായി പ്രതിഫലിപ്പിക്കുന്നു.




