ഖത്തർ ദേശീയദിനാഘോഷങ്ങളിൽ ചെയ്യരുതാത്ത കാര്യങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തർ ദേശീയദിനാഘോഷങ്ങൾ പൊതുസുരക്ഷയും സാമൂഹിക ഉത്തരവാദിത്വവും ഉറപ്പുവരുത്തുന്ന രീതിയിൽ നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. ദേശീയദിനം രാജ്യത്തോടുള്ള വിശ്വസ്തതയും ദേശീയാഭിമാനവും പ്രതിഫലിപ്പിക്കുന്ന പ്രത്യേക അവസരമാണെന്നും, ആഘോഷങ്ങൾ ഖത്തർ സമൂഹത്തിന്റെ യഥാർത്ഥ മൂല്യങ്ങളും രാജ്യത്തിന്റെ സാംസ്കാരിക മുഖവും പ്രകടിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച്:
- കാഴ്ച തടസ്സപ്പെടുത്തുന്ന സ്പ്രേ കാനുകൾ അല്ലെങ്കിൽ മറ്റ് രാസവസ്തുക്കൾ ഉപയോഗിക്കൽ
- ഗതാഗതം തടസപ്പെടുന്ന വിധത്തിലുള്ള അനിയന്ത്രിത കൂട്ടങ്ങൾ
- വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ അവയുടെ മേൽ കയറുകയോ പുറത്തിരിക്കുയുകയോ ചെയ്യുന്ന പോലുള്ള പ്രവർത്തികൾ
- പൊതുക്രമം ലംഘിക്കുകയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന ഏത് തരത്തിലുള്ള പെരുമാറ്റവും
ഇത്തരം പ്രവർത്തനങ്ങൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാൽ കർശനമായി ഒഴിവാക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ദേശീയദിനാഘോഷങ്ങളുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി ഗതാഗതനിയന്ത്രണം ശക്തമാക്കുകയും, ആഘോഷകേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുകയും, നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.




