
ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റ് കാണികളുടെ എണ്ണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദശലക്ഷത്തിലധികം (10 ലക്ഷം) ആരാധകരാണ് മത്സരങ്ങൾ നേരിൽ കണ്ടത്.
ഗ്രൂപ്പ് ഘട്ടവും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും അവസാനിച്ചതോടെ, ടൂർണമെന്റിന്റെ ആകെ കാണികളുടെ എണ്ണം 10,22,592 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
അറബ് ലോകമാകെ വൻ ആവേശം
പ്രാദേശിക ആരാധകരുടെയും അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരുടെയും വലിയ പങ്കാളിത്തമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിൽ. മത്സരങ്ങൾ നടന്ന സ്റ്റേഡിയങ്ങളിൽ ഉടനീളം ആവേശഭരിതമായ അന്തരീക്ഷമാണ് നിലനിന്നത്.
ഖത്തറിന്റെ സംഘാടക മികവിന് വീണ്ടും അംഗീകാരം
ഈ നേട്ടം, വമ്പൻ കായികമേളകൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ ഖത്തർ കൈവരിച്ച മുന്നേറ്റത്തിന്റെ തെളിവാണ്. പ്രത്യേകിച്ച് ഫിഫ ലോകകപ്പ് ഖത്തർ 2022-നായി നിർമ്മിച്ച ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണമായി ഇത് മാറി.
അവസാന ഘട്ടങ്ങളിൽ കാണികൾ കൂടുമെന്ന് പ്രതീക്ഷ
ടൂർണമെന്റ് നിർണായക ഘട്ടങ്ങളിലേക്ക് കടക്കുന്നതിനാൽ, കാണികളുടെ എണ്ണം ഇനിയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്കും, തുടർന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനുള്ള മത്സരം കൂടാതെ ഫൈനൽ മത്സരത്തിനും വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.




