ഖത്തറിലെ സർക്കാർ സ്‌കൂളുകളിലേക്ക് പുതിയ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 1 മുതൽ
ദോഹ: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി 2021-22 അധ്യയന വർഷത്തേക്കുള്ള ഖത്തർ ഗവണ്മെന്റ് സ്‌കൂൾ പ്രവേശനത്തിന്റെ രജിസ്‌ട്രേഷൻ പബ്ലിക് സർവീസ് പോർട്ടലിൽ ഓഗസ്റ്റ് 1 മുതൽ 15 വരെ ലഭ്യമാകുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. eduservices.edu.gov.qa എന്ന വെബ്‌സൈറ്റിലൂടെ രക്ഷിതാക്കളാണ് കുട്ടികൾക്ക് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്.
ഖത്തരി വിദ്യാർത്ഥികൾ, മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഖത്തരി സ്ത്രീകളുടെ മക്കൾ എന്നിവർക്ക് പുറമെ, ഏത് രാജ്യത്ത് നിന്നുമുള്ള ഖത്തറിൽ ഗവണ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കൾക്കും അപേക്ഷിക്കാം.
അപേക്ഷകൾ സ്റ്റുഡൻസ് അഫയർ ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ച ശേഷം യോഗ്യരായ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ സ്‌കൂളുകൾ അപ്പ്രൂവ് ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി, പബ്ലിക് സർവീസ് പോർട്ടലിൽ ലഭ്യമായ യൂസർ ഗൈഡ് കാണുക. അല്ലെങ്കിൽ ഹോട്ട്‌ലൈൻ നമ്പറായ 155ൽ വിളിച്ചും സഹായം അന്വേഷിക്കാം.
207 ലധികം സ്കൂളുകളിലും 68 കിൻഡർഗാർട്ടനിലുമായി 124,600 ലധികം, സ്വദേശികളും വിദേശികളുമായ വിദ്യാർത്ഥികൾ ഖത്തറിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്.