വിസിറ്റ് ഖത്തർ വിളിക്കുന്നു; കണ്ടന്റ് ക്രിയേറ്റർമാർക്ക് അവസരം; 1 ലക്ഷം റിയാൽ വരെ സമ്മാനം

രാജ്യത്തിന്റെ സംസ്കാരം, ജീവിതശൈലി, അനുഭവങ്ങൾ എന്നിവ പ്രാദേശിക കൊണ്ടന്റ് ക്രിയേറ്റർമാരുടെ സർഗ്ഗാത്മകതയിലൂടെ പ്രദർശിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു എക്സ്ക്ലൂസീവ് കണ്ടന്റ് ക്രിയേഷൻ മത്സരമായ “ഖത്തർ ത്രൂ യുവർ ലെൻസ്” ആരംഭിച്ചതായി വിസിറ്റ് ഖത്തർ അറിയിച്ചു.
തദ്ദേശവാസികൾക്കും താമസക്കാർക്കും വേണ്ടിയുള്ള ഈ മത്സരം 2025 ഒക്ടോബർ 1 മുതൽ ഡിസംബർ 15 വരെ നീണ്ടുനിൽക്കും. വിജയികളെ 2026 ജനുവരി ആദ്യവാരം പ്രഖ്യാപിക്കും.
പങ്കെടുക്കുന്നവർ ഒരു ഹ്രസ്വ വീഡിയോ (30–60 സെക്കൻഡ്) അല്ലെങ്കിൽ ഖത്തറിന്റെ അതുല്യ സ്വഭാവം എടുത്തുകാണിക്കുന്ന ഒരു ഫോട്ടോ സമർപ്പിക്കണം. ഏതെങ്കിലും AI ടൂൾ ഉപയോഗിച്ച് സൃഷ്ടി എഡിറ്റ് ചെയ്യാൻ പാടില്ല. സൃഷ്ടികൾ #QatarThroughYourLens, #ViewQatar എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യണം. കൂടാതെ ഔദ്യോഗിക വിസിറ്റ് ഖത്തർ അക്കൗണ്ട് ടാഗ് ചെയ്യുകയും വേണം.
ഓരോ പങ്കാളിക്കും ഒന്നിലധികം എൻട്രികൾ സമർപ്പിക്കാം.
അവ ഒറിജിനലും സാംസ്കാരിക മൂല്യമുള്ളതുമായിരിക്കണം. മത്സരത്തിന്റെ പ്രധാന തീമുകളായ ഖത്തർ ബൈ നൈറ്റ്, ബീച്ച് & കോസ്റ്റൽ, ആർട്സ്, കൾച്ചർ & ഹെറിറ്റേജ്, സ്പോർട്സ് ഇവന്റുകൾ, അല്ലെങ്കിൽ പാചകശാസ്ത്രം തുടങ്ങിയവയുമായി യോജിക്കണം.
വീഡിയോ, ഫോട്ടോ എന്നീ രണ്ട് വിഭാഗങ്ങളിലായി വിജയികളെ അംഗീകരിക്കും. ആകെ 375,000 റിയാൽ ക്യാഷ് പ്രൈസുകൾ നൽകും.
വീഡിയോ വിഭാഗത്തിൽ, ഒന്നാം സ്ഥാനത്തിന് 100,000 റിയാൽ, രണ്ടാം സ്ഥാനത്തിന് 50,000 റിയാൽ, മൂന്നാം സ്ഥാനത്തിന് 30,000 റിയാൽ, നാലാം സ്ഥാനത്തിന് 20,000 റിയാൽ, അഞ്ചാം സ്ഥാനത്തിന് 10,000 റിയാൽ എന്നിങ്ങനെ ലഭിക്കും. ആറാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെയുള്ള വിജയികൾക്ക് 15,000 റിയാൽ മുതൽ 3000 റിയാൽ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും.
ഫോട്ടോ വിഭാഗത്തിൽ, ഒന്നാം സ്ഥാനത്തിന് 60,000 റിയാൽ, രണ്ടാം സ്ഥാനത്തിന് 40,000 റിയാൽ, മൂന്നാം സ്ഥാനത്തിന് 20,000 റിയാൽ, നാലാം സ്ഥാനത്തിന് 10,000 റിയാൽ, അഞ്ചാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെയുള്ള വിജയികൾക്ക് 15,000 റിയാൽ മുതൽ 3000 റിയാൽ വരെ വിലമതിക്കുന്ന വൗച്ചറുകൾ എന്നിവ നൽകും.
ക്യാഷ് പ്രൈസുകൾക്ക് പുറമേ, പങ്കെടുക്കുന്നവർക്ക് GoPros, iPhones, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഹൈ സ്റ്റാൻഡേർഡ് കണ്ടന്റ് ക്രിയേഷൻ ടൂളുകൾ ഉൾപ്പെടെ അധിക റിവാർഡുകൾ ലഭിക്കും. എല്ലാ ചെലവുകളും അടച്ചുള്ള താമസ സൗകര്യം; വിസിറ്റ് ഖത്തർ പരിപാടികളിലേക്കുള്ള പ്രത്യേക ക്ഷണങ്ങൾ; അവാർഡ് ദാന ചടങ്ങിൽ ഔപചാരിക അംഗീകാരം; വിസിറ്റ് ഖത്തറുമായുള്ള ഭാവി സഹകരണത്തിനുള്ള അവസരങ്ങൾ എന്നിവയുമുണ്ടാകും.
ഖത്തർ ആസ്ഥാനമായുള്ള ചലച്ചിത്ര, ക്രിയേറ്റീവ് പ്രൊഫഷണലുകൾ, ഖത്തറിൽ നിന്നുള്ള തിരഞ്ഞെടുത്ത ഫോട്ടോഗ്രാഫി, ക്രിയേറ്റീവ് വിദഗ്ദ്ധർ എന്നിവരോടൊപ്പം വിസിറ്റ് ഖത്തറിന്റെ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു ജഡ്ജിംഗ് പാനൽ ആയിരിക്കും സമർപ്പണങ്ങൾ വിലയിരുത്തുക.
സർഗ്ഗാത്മകതയും മൗലികതയും, ദൃശ്യ-സാങ്കേതിക നിലവാരം, ആഖ്യാനത്തിന്റെയും വൈകാരിക സ്വാധീനത്തിന്റെയും ശക്തി, തീമിന്റെ പ്രസക്തി, അതുപോലെ സൃഷ്ടിപരമായ ആശയം പ്രതിഫലിപ്പിക്കുന്നതിൽ അനുബന്ധ തലക്കെട്ടിന്റെ ഫലപ്രാപ്തി എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും വിലയിരുത്തൽ.